കാസര്‍കോട്: സഹജീവനത്തിന്റെയും ഐക്യപ്പെടലിന്റെയും ബഹുസ്വരതയുടെയും സന്ദേശം പകര്‍ന്ന് സപ്തഭാഷാ സംഗമ ഭൂമിയില്‍ ദക്ഷിണേന്ത്യന്‍ സാംസ്‌കോരികോത്സവം ജനസംസ്‌കൃതി 2017ന് തുടക്കമായി.
മതത്തിന്റെയും ഭാഷയുടെയും എഴുത്തിന്റെയും പേരില്‍ സമൂഹത്തില്‍ ഭിന്നത വളര്‍ത്താന്‍ ആരേയും അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായാണ് മൂന്നു ദിവസത്തെ സാംസ്‌കോരികോത്സവത്തിന് കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ തുടക്കമായത്. മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ബഹുസ്വരത വെല്ലുവിളി നേരിടുന്ന പുതിയകാലത്ത് കാലുഷ്യവിമുക്തമായ മനുഷ്യമനസ്സിനെ സൃഷ്ടിക്കാനും സംസ്‌കാരരായ സമൂഹത്തെ നിലനിര്‍ത്താനും ജാഗ്രത പാലിക്കണമെന്ന് മന്ത്രി പറഞ്ഞു.
അയിത്തം, അടിമത്തം, വൈദേശികാധിപത്യം തുടങ്ങിയ പ്രതിസന്ധികളിലൂടെ കടന്നുവന്നാണ് നമ്മുടെ നാട് നേട്ടം കൈവരിച്ചത്. ഇതിന് എഴുത്തും പുസ്തകങ്ങളും ഏറെ സഹായിച്ചിട്ടുണ്ട്. ഭാഷയുടെയും മതത്തിന്റെയും പേരില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ പ്രതികരിക്കുന്ന എഴുത്തുകാരെ സമൂഹം പിന്തുണക്കണമെന്നും മന്ത്രി പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് കേരളകലാമണ്ഡലം അവതരിപ്പിച്ച സംഗീതനൃത്തശില്‍പ്പം അരങ്ങേറി.
എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ദക്ഷിണേന്ത്യന്‍ ഭാഷകളിലെ എഴുത്തുകാരായ എം. മുകുന്ദന്‍, അഗ്രഹാര കൃഷ്ണമൂര്‍ത്തി (കന്നട), കെ.ശിവറെഡ്ഡി (തെലുങ്ക്), കനല്‍ മൈന്തര്‍ (തമിഴ്), ഡോ. മീനാക്ഷി (തുളു), ടി.ഡി. രാമകൃഷ്ണന്‍, എം.എ. റഹ്മാന്‍, ഡോ. കെ.പി. കുഞ്ഞിക്കൃഷ്ണന്‍ എന്നിവരെ ചടങ്ങില്‍ ജില്ലാകളക്ടര്‍ കെ ജീവന്‍ബാബു പൊന്നാട അണിയിച്ച് ആദരിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് എജിസി ബഷീര്‍, കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, മുന്‍ എംഎല്‍എ മാരായ സി.എച്ച്. കുഞ്ഞമ്പു, കെ.പി. സതീഷ്ചന്ദ്രന്‍, മുന്‍ നഗരസഭാധ്യക്ഷന്‍ ടി ഇ അബ്ദുളള, ഹക്കീം കുന്നില്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടന്‍ സ്വാഗതവും സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ പി.വി.കെ. പനയാല്‍ നന്ദിയും പറഞ്ഞു.















