നീലേശ്വരം: ആയുര്‍വ്വേദത്തിനും യോഗയ്‌ക്കും പ്രചാരം ഏറിയതോടെ യഥാവിധി മരത്തടിയില്‍ നിര്‍മ്മിക്കുന്ന എണ്ണത്തോണിക്ക് വിദേശത്ത് ആവശ്യക്കാരേറുന്നു. ആയുര്‍വ്വേദത്തിലെ പഞ്ചകര്‍മ്മ ചികിത്സയുടെ ഭാഗമായി ഞവരക്കിഴി, ഇലക്കിഴി, ഉഴിച്ചില്‍, നസ്യം എന്നിവയെല്ലാം മരം കൊണ്ടുള്ള എണ്ണത്തോണിയില്‍ കിടത്തിയാണ് ചെയ്യുന്നത്.
നീലേശ്വരം വട്ടപ്പൊയിലിലെ പി. ടി. ഗോവിന്ദന്‍ ആചാരിയുടെ മേല്‍നോട്ടത്തില്‍ വേങ്ങ മരത്തടിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്ന മൂന്ന് എണ്ണത്തോണികള്‍ ഏതാനും ദിവസങ്ങള്‍ക്കകം സിംഗപ്പൂരിലേക്ക് കയറ്റി അയക്കും. മലേഷ്യ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിച്ചതായി നിര്‍മ്മാതാക്കള്‍ പറയുന്നു. കാഞ്ഞിരമാണ് എണ്ണത്തോണിക്ക് ഉത്തമം. വേങ്ങ, വേപ്പ് എന്നിവയും ഉപയോഗിക്കാറുണ്ട്. എട്ടര അടി നീളവും രണ്ടേ മുക്കാല്‍ അടി വീതിയും നാല് ഇഞ്ച് കനത്തിലുമാണ് എണ്ണത്തോണി നിര്‍മ്മാണം.
ആയുര്‍വേദ ചികിത്സാ രീതി നിഷ്‌കര്‍ഷിക്കും വിധം എണ്ണ തളം കെട്ടി നിര്‍ത്താനും ഒഴുക്കിക്കളയാനും പുനര്‍വിനിയോഗത്തിനും ഇതില്‍ സംവിധാനങ്ങളുണ്ട്. പിച്ചളത്തകിട് ഉറപ്പിച്ച കൈപ്പിടികളും സ്റ്റാന്റും അടക്കം ഒന്നിന് 75,000 രൂപയോളം നിര്‍മ്മാണച്ചെലവ് വരും. ഗോവിന്ദന്‍ ആചാരിയുടെ മക്കളായ സുരേശനും സന്തോഷും എണ്ണത്തോണി നിര്‍മ്മാണത്തില്‍ വൈദഗ്ധ്യം നേടിയവരാണ്.















