ഒറ്റപ്പാലം: പാമ്പാടി നെഹ്‌റു കോളേജില്‍ ആത്മഹത്യചെയ്ത ജിഷ്ണുവിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ലോ അക്കാദമി മോഡല്‍ ഉപവാസ സമരത്തിന് ബിജെപി രംഗത്തെത്തുന്നു.
വാണിയംകുളം മാളൂട്ടി കല്യാണമണ്ഡപത്തില്‍ ചേര്‍ന്ന ഒറ്റപ്പാലം,ഷൊര്‍ണ്ണൂര്‍ നിയോജകമണ്ഡലം കമ്മിറ്റികളുടെ സംയുക്ത യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ അഡ്വ: കൃഷ്ണദാസിന്റെ ഒറ്റപ്പാലത്തെ വസതിക്കു മുന്നില്‍ അനിശ്ചിതകാല ഉപവാസ സമരം ആരംഭിക്കും. നെഹ്‌റു കോളേജ് പ്രശ്‌നത്തില്‍ ഒരു മാസം പിന്നിട്ടിട്ടും പരിഹാരമാകാത്തതാണ് ബിജെപി സമരം ഏറ്റെടുക്കാന്‍ കാരണം.
ദേശീയ നിര്‍വ്വാഹക സമിതി അംഗം വി.മുരളീധരന്‍ എബിവിപിയുെട ഉപവാസ സമരപന്തലില്‍ കഴിഞ്ഞ ദിവസം എത്തിയിരുന്നു. ജിഷ്ണുമരിച്ചിട്ട് ഒരുമാസം പിന്നിടുമ്പോഴും മരണത്തില്‍ ഉത്തരവാദികളായവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനോ, മാനേജ്‌മെന്റിനെതിരെനടപടി സ്വീകരിക്കുവാനോ, ജിഷ്ണുവിന്റെ കുടുംബത്തിനു നീതി ഉറപ്പാക്കാനോ ഇതുവരെയും സാധിച്ചിട്ടില്ല. നീതി വൈകുന്നപക്ഷം കൃഷ്ണദാസിന്റെ വീടിനു മുന്നില്‍ ഉപവാസമിരിക്കുമെന്നു ജിഷ്ണുവിന്റെ മാതാപിതാക്കള്‍ നേരത്തെപ്രഖ്യാപിച്ചിരുന്നു.















