ന്യൂദല്‍ഹി: നേതാജി കാരണത്താല്‍ മാത്രമാണ് ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടതെന്ന് റിട്ടയേര്‍ഡ് മേജര്‍ ജനറല്‍ ജി. ഡി. ബക്ഷി. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക് റിസര്‍ച്ച് (ഐസിഎച്ച്ആര്‍) സംഘടിപ്പിച്ച സെമിനാറിന്റെ ഉദ്ഘാടന വേദിയിലാണ് ബക്ഷി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യന്‍ സ്വാതന്ത്ര്യത്തില്‍ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ പങ്ക് എന്ന വിഷയത്തിലായിരുന്നു സെമിനാര്‍.
അടുത്തിടെ ജെഎന്‍യുവിലും ഹൈദരാബാദ് സര്‍വ്വകലാശാല, ജാദവ്പൂര്‍ സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ ഉണ്ടായ വിദ്യാര്‍ത്ഥി സമരങ്ങളെ പ്രതിരോധിക്കാനും, ദേശീയത പുനരുജ്ജീവിപ്പിക്കാനും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പൈതൃകം സ്വീകരിക്കുകയാണ് മികച്ച വഴിയെന്നും ബക്ഷി പറഞ്ഞു. ആര്‍എസ്എസിന്റെ അഖില ഭാരതീയ ഇതിഹാസ സംകലന യോജന (എബിഐഎസ്‌വൈ) ഓര്‍ഗനൈസിങ് സെക്രട്ടറി വരാള്‍ മുകുന്ദ് പാണ്ഡെയുടെ നേതൃത്വത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ താരവും ബലിയാടുമായിരുന്നു നേതാജി. എന്നാല്‍ നേതാജിയെ ചരിത്രകാരന്മാര്‍ തെറ്റായാണ് വ്യാഖ്യാനിച്ചത്. നമ്മുടെ ചരിത്ര രേഖകളിലും, സ്‌കൂള്‍ പാഠപുസ്തകങ്ങളിലും നേതാജിയെയും ഐഎന്‍എയെയും കാണാനില്ലെന്ന് പാണ്ഡെ പറഞ്ഞു.
















