ചെന്നൈ: കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വത്തിന് പിന്തുണയറിയിച്ച് രണ്ട് എംപിമാര്‍ കൂടി രംഗത്ത്. നാമക്കല്‍ എംപി പി.ആര്‍ സുന്ദരവും കൃഷ്ണഗിരി എംപി അശോക് കുമാറുമാണ് പനീര്‍ശെല്‍വത്തിന് പിന്തുണയറിയച്ച് എത്തിയിരിക്കുന്നത്.
ഇന്നലെ വരെ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയ്‌ക്ക് പിന്തുണ നല്‍കിയവാണ് ഇന്ന് പനീര്‍ശെല്‍വത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നത്. പുതിയ സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ പിന്തുണയുമായി എത്തുമെന്നാണ് സൂചന.
നേരത്തേ രാജ്യസഭ എംപി മൈത്രേയന്‍ മാത്രമാണ് പനീര്‍ശെല്‍വത്തിന് പിന്തുണ നല്‍കിയിരുന്നത്. എഐഎഡിഎംകെ പുതുച്ചേരി ഘടകവും പനീര്‍ ശെല്‍വം പക്ഷത്തേക്ക് നീങ്ങുന്നതായി സൂചനകളുണ്ട്. പനീര്‍ശെല്‍വത്തെ പിന്തുണയ്‌ക്കുന്നത് സംബന്ധിച്ച് തീരുമാമെടുക്കാന്‍ പുതുച്ചേരി മേഖലയില്‍ നിന്നുള്ള എംഎല്‍എമാര്‍ യോഗംചേര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
അതിനിടെ ശശികലയ്‌ക്കെതിരെ പ്രതിഷേധിക്കാന്‍ മറീന ബീച്ചില്‍ ഇന്നു യോഗം ചേരും. ഇതിനായി സമൂഹമാധ്യമങ്ങളിലൂടെ യുവാക്കളോടു മറീന ബീച്ചിലേക്കെത്താനാണ് പനീര്‍ശെല്‍വം അനുകൂലികള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
ജയലളിതയുടെ മുന്‍ സെക്രട്ടറി വെങ്കിട്ടരാമന്റെ നേതൃത്വത്തിലാണ് യോഗം ചേരുക. തമിഴ്നാട്ടിലെ പൊതുവികാരം ഉണര്‍ത്തി ജെല്ലിക്കട്ട് പ്രക്ഷോഭത്തിനു സമാനമായ സമരമുറ വളര്‍ത്തിയെടുക്കുക എന്നതാണ് ലക്ഷ്യം.
















