ചെന്നൈ: ഒരാഴ്ചത്തെ ഇടവേളയ്‌ക് ശേഷം തമിഴ്‌നാടിന്റെ കാവല്‍ മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം സെക്രട്ടറിയേറ്റില്‍ എത്തി. പനീര്‍ശെല്‍വം സെക്രട്ടറിയേറ്റില്‍ എത്തുന്നതിന് മുന്നോടിയായി ചീഫ് സെക്രട്ടറി ഗിരിജാ വൈദ്യനാഥന്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേര്‍ത്തിരുന്നു.
പനീര്‍ശെല്‍വത്തിന്റെ വരവിനോട് അനുബന്ധിച്ച് സെക്രട്ടേറിയറ്റില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ശശികല ക്യാമ്പ് വിട്ട പനീര്‍ശെല്‍വ പക്ഷത്തെത്തിയ വിദ്യാഭ്യാസമന്ത്രി കെ.പാണ്ഡ്യരാജനും ഓഫീസിലെത്തിയിരുന്നു. പ്രതിപക്ഷനേതാവ് സ്റ്റാലിന്‍ നേരത്തേതന്നെ സെക്രട്ടറിയേറ്റില്‍ എത്തിയിരുന്നു.
ഫെബ്രുവരി ഏഴിന് ശശികലയ്‌ക്കെതിരേ പരസ്യമായി രംഗത്തുവന്നതിന് ശേഷം പനീര്‍ശെല്‍വം സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയിരുന്നില്ല. ശശികല മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നതിനായി പാര്‍ട്ടി തീരുമാനമെടുത്തതിന് പിന്നാലെ അദ്ദേഹം ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചിരുന്നു.
















