എടത്വ: സംസ്ഥാനം രൂപീകൃതമായ ശേഷം ഇതുവരെ റീസര്‍വേ നടക്കാത്ത കുട്ടനാട് താലൂക്കില്‍പെട്ട എടത്വ, പുളിങ്കുന്ന്, വെളിയനാട് തുടങ്ങിയ സ്ഥലങ്ങളിലെ റീസര്‍വേ ജൂലൈ അവസാനത്തോടെ ആരംഭിക്കുമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു.
സര്‍വേയുമായി ബന്ധപ്പെട്ടു കുട്ടനാട് റീ സര്‍വേ കമ്മിറ്റി തിരുവനന്തപുരത്തെത്തി നല്‍കിയ നിവേദനത്തിനു മറുപടിയായാണു മന്ത്രി ഇക്കാര്യം അറിയിച്ചത്.
റീ സര്‍വേ നടക്കാത്തതിനാല്‍ ഈ വില്ലേജുകളില്‍ സര്‍വേ നടക്കാതെ വന്നു. കാലപ്പഴക്കം മൂലം നാലോളം തണ്ടപ്പേരു ബുക്കുകള്‍ നശിച്ചു പോയിരിക്കുകയാണ്. ഇതുമൂലം പല വസ്തു ഉടമകള്‍ക്കും സ്വന്തമായി വസ്തു ഉണ്ടെന്നുള്ളതിനു രേഖ ഇല്ലാത്ത അവസ്ഥയിലാണ്.
ഇതു മൂലം വായ്‌പയെടുക്കാനോ, കൈമാറ്റം ചെയ്യാനോ, അതിരുകള്‍ നിര്‍ണയിക്കാനോ കഴിയാത്ത അവസ്ഥയിലുമാണ്. ചേര്‍ത്തല വടക്ക്, അര്‍ത്തുങ്കല്‍, കോക്കമംഗലം എന്നിവിടങ്ങളില്‍ റീസര്‍വേ നടപടി നടന്നു വരികയാണെന്നും അതിനു ശേഷം ഇവിടെ സര്‍വേ നടപടി സ്വീകരിക്കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്. ജനങ്ങളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് റീ സര്‍വേ നടത്തണമെന്നത്.
















