ചെന്നൈ: കേസില്‍ കുടുങ്ങി ശശികലയ്‌ക്കു പിന്മാറേണ്ടി വന്നതോടെ, എഐഎഡിഎംകെ നിയമസഭാ കക്ഷിയെ ആരു നയിക്കുമെന്നതിനുത്തരമാണ് എടപാടി കെ. പഴനിസ്വാമി. തുടക്കക്കാലത്ത് ജയയ്‌ക്കൊപ്പം നിന്നു പാര്‍ട്ടി കെട്ടിപ്പടുത്ത പഴനിസ്വാമി തന്നെയാണ് പനീര്‍ശെല്‍വത്തിനുള്ള ചുട്ട മറുപടിയെന്ന് ശശികല കരുതിക്കാണും.
2011-16ലെ സര്‍ക്കാരില്‍ ജയലളിതയുടെ ‘അടുക്കള മന്ത്രിസഭ’യില്‍ പനീര്‍ശെല്‍വത്തിനൊപ്പമുണ്ടായിരുന്നു പഴനിസ്വാമി. നതാം ആര്‍. വിശ്വനാഥന്‍, ആര്‍. വൈദ്യലിംഗം എന്നിവരായിരുന്നു മറ്റു രണ്ടുപേര്‍. ഇന്നലെ കൂവത്തൂരിലെ റിസോര്‍ട്ടില്‍ ചേര്‍ന്ന നിയമസഭാകക്ഷി യോഗം ഏകകണ്‌ഠേനയാണ് പഴനിസ്വാമിയെ തെരഞ്ഞെടുത്തത.് ജയയുടെ മരുകന്‍ ദീപക്കിന്റെ സാന്നിധ്യത്തിലായിരുന്നു യോഗം. വൈകാരികത വച്ചു കളിക്കുന്ന പനീര്‍ശെല്‍വത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കാനൊരുങ്ങുന്നു ശശികല വിഭാഗം.
സേലം എടപ്പാടി താലൂക്ക് നെടുമംഗലം ഗ്രാമത്തിലെ കര്‍ഷക കുടുംബത്തില്‍ നിന്നുള്ള ഈ അറുപത്തിരണ്ടു വയസുകാരന്‍ 1980ലാണ് എഐഎഡിഎംകെയില്‍ സജീവമായത്. 1987ല്‍ എംജിആറിന്റെ മരണത്തെത്തുടര്‍ന്ന് പാര്‍ട്ടി പിളര്‍ന്നപ്പോള്‍, ജയയ്‌ക്കൊപ്പം ഉറച്ചുനിന്നു. 1989ലെ തെരഞ്ഞെടുപ്പില്‍ റൂറല്‍ എടപ്പാടിയില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1991ല്‍ സീറ്റ് നിലനിര്‍ത്തി. 2006ല്‍ മത്സരിച്ചെങ്കിലും തോറ്റു. 2011ല്‍ ജയിച്ചെത്തിയ ഇദ്ദേഹത്തെ സംസ്ഥാന ഹൈവേ, ചെറുകിട തുറമുഖ വകുപ്പ് മന്ത്രിയാക്കി. ഇതോടെ, ജയയുടെ വിശ്വസ്തരുടെ പട്ടികയിലേക്കു നടന്നു കയറി ഇദ്ദേഹം.
ഇത്തവണ 42,022 വോട്ടിന്റെ ഭൂരിപക്ഷം നേടി നിയമസഭയിലെത്തിയ ഇദ്ദേഹത്തിന് പൊതുമരാമത്ത് വകുപ്പാണ് ജയലളിത നല്‍കിയത്. സേലം ജില്ലയില്‍ പാര്‍ട്ടിയുടെ വന്‍ ജയത്തിന് തുണയായത് പഴനിസ്വാമിയുടെ സംഘാടക മികവ്. ജയലളിത ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഗവര്‍ണറെ കാണാന്‍ പനീര്‍ശെല്‍വത്തിനൊപ്പം രാജ്ഭവനിലേക്കു പോകുമ്പോള്‍ പഴനിസ്വാമി കരുതിയിട്ടുണ്ടാകില്ല പിന്നീടൊരിക്കല്‍ രണ്ടുപേരും അവകാശവാദവുമായി വെവ്വേറെ ഇവിടെയെത്തുമെന്ന്.
















