ന്യൂദല്‍ഹി: ആസാമിലെ കാസിരംഗ ദേശീയപാര്‍ക്കിനെക്കുറിച്ച് തെറ്റായ ഫീച്ചര്‍ തയ്യാറാക്കിയ ബിബിസി ദക്ഷിണേഷ്യാ ലേഖകന്‍ ജസ്റ്റിന്‍ റാവല്‍ട്ടിനെ കരിമ്പട്ടികയില്‍പ്പെടുത്താന്‍ കേന്ദ്രം ശുപാര്‍ശ ചെയ്തു. ബിബിസിയുടെ പരിപാടി അബദ്ധങ്ങള്‍ നിറഞ്ഞതും അയഥാര്‍ത്ഥ്യവുമാണെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.
‘കില്ലിങ് ഫോര്‍ കണ്‍സര്‍വേഷന്‍’ എന്ന പേരിലാണ് ബിബിസി ഫീച്ചര്‍ സംപ്രേഷണം ചെയ്തത്. ഫോറസ്റ്റ് ഗാര്‍ഡുകള്‍ക്ക് ആളുകളെ കൊല്ലുവാനുള്ള അധികാരം നല്‍കിയിരിക്കുന്നതായി ഇതില്‍ ആക്ഷേപിക്കുന്നു. കഴിഞ്ഞവര്‍ഷം 17 കണ്ടാമൃഗങ്ങളാണ് വേട്ടയാടപ്പെട്ടത്. എന്നാല്‍ 23 ഒളി വേട്ടക്കാരെ ഗാര്‍ഡുകള്‍ വെടിവച്ചുകൊന്നതായിട്ടാണ് ആരോപണം. 2014 മുതല്‍ 50 പേര്‍ വരെ ഇത്തരത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് ഇവരുടെ ആരോപണം.
ബുദ്ധിമുട്ടേറിയ സാഹചര്യത്തില്‍ വളരെ ദുരിതപൂര്‍ണമായിട്ടാണ് ഗാര്‍ഡുകള്‍ ജോലി ചെയ്യുന്നതെന്ന് കാസിരംഗ നാഷണല്‍ പാര്‍ക്ക് ഡയറക്ടര്‍ സത്യേന്ദ്ര സിങ് പറഞ്ഞു. വെടിവെയ്‌ക്കല്‍ നയമില്ലായെന്നും ഒളിവേട്ടക്കാര്‍ക്കെതിരെ നിയമനടപടികളാണ് സ്വീകരിക്കാറെന്നും അദ്ദേഹം പറഞ്ഞു.
ബിബിസി ലേഖകന്‍ അരമണിക്കൂര്‍ സംസാരിച്ചശേഷം ഒരുമിനിട്ട് എഡിറ്റ് ചെയ്താണ് കാണിച്ചത്. ഇതിന് പിന്നില്‍ ഉദ്യാനത്തെ അവഹേളിക്കുവാനുള്ള ലക്ഷ്യമാണുള്ളത്. ചില വിദേശ എന്‍ജിഒകളും ഇതിന് പിന്നിലുണ്ട്. ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
















