ന്യൂദല്‍ഹി: മുസ്ലിം ജനസംഖ്യ വര്‍ദ്ധിക്കുന്നതിന് കാരണം തൊഴിലില്ലായ്‌മയെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അസംഖാന്‍. ഉത്തര്‍ പ്രദേശ് കനൗജിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് വിവാദ പരാമര്‍ശം.
”മുസ്ലിങ്ങള്‍ കൂടുതല്‍ കുട്ടികളെ പ്രസവിക്കുന്നു. തൊഴിലില്ലാത്തതിനാല്‍ അവര്‍ക്ക് മറ്റൊന്നും ചെയ്യാനില്ലാത്തതാണ് കാരണം. ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികളെ പ്രസവിക്കുന്നില്ല. കാരണം അവര്‍ക്ക് ജോലിയുണ്ട്”. കൂടുതല്‍ കുട്ടികളെ പ്രസവിക്കുന്നത് ഹിന്ദുക്കള്‍ മുസ്ലിങ്ങളില്‍ നിന്നും പഠിക്കണമെന്നും അദ്ദേഹം പരിഹസിച്ചു. എസ്പിയിലെ മുതിര്‍ന്ന നേതാവായ അസംഖാന്‍ പാര്‍ട്ടിയുടെ മുസ്ലിം മുഖവുമാണ്. മതതീവ്രവാദികളെ പിന്തുണക്കുന്ന നിരവധി പ്രസംഗങ്ങള്‍ മുന്‍പ് നടത്തിയിട്ടുണ്ട്.
നാല് ഭാര്യമാരും നാല്‍പ്പത് കുട്ടികളുമുള്ളവരാണ് രാജ്യത്തെ ജനസംഖ്യാ വര്‍ദ്ധനവിന് കാരണക്കാരെന്ന് ബിജെപി എംപിയായ സാക്ഷി മഹാരാജ് പറഞ്ഞതിന് മറുപടിയായിരുന്നു അസംഖാന്റെ പ്രസംഗം. എന്നാല്‍ അസംഖാന്റെ പരാമര്‍ശത്തെ അപലപിക്കാന്‍ സമാജ്‌വാദി പാര്‍ട്ടി തയ്യാറായില്ല. ബിഎസ്പിയും ബിജെപിയും ഇതിനെതിരെ രംഗത്തു വന്നു. സ്ത്രീകളെ അപമാനിക്കുന്നതാണ് പരാമര്‍ശമെന്ന് ബിജെപി വക്താവ് സംബിത് പാത്ര പ്രതികരിച്ചു.
















