കൊച്ചി: വികസനം, വളര്‍ച്ച എന്നിവയുടെ അര്‍ഥം ശരിയായും വിശദമായും ഗൗരവത്തോടെയും കേരളസമൂഹം ചര്‍ച്ച ചെയ്യണമെന്നു നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. വലിയ സാധ്യതകളുള്ള കേരളത്തിന്റെ കരിമണല്‍ മേഖലയെ ഉപയോഗപ്പെടുത്താന്‍ കഴിയുന്നില്ല. ടൂറിസം മേഖലയുടെ അനന്തസാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നില്ല. പ്രവാസികളുടെ കണക്കറ്റ സമ്പത്ത് നല്ല രീതിയില്‍ വിനിയോഗിക്കാന്‍ കഴിയാതെ പോയി- റോട്ടറി ഡിസ്ട്രിക്റ്റ് 3201 വാര്‍ഷിക കോണ്‍ഫറന്‍സായ ഉത്സവ്- 2017 ഉദ്ഘാടനം ചെയ്യവെ സ്പീക്കര്‍ ചൂണ്ടിക്കാട്ടി.
നിഷേധാത്മക സമീപനമാണു പലരും സ്വീകരിക്കുന്നത്. പ്രകൃതിവിഭവങ്ങളെ തൊടാന്‍ പാടില്ലെന്ന മൗലികവാദം നിലനില്‍ക്കുന്നു. കഴിഞ്ഞകാലത്ത് ഒരുലക്ഷം കോടിയിലേറെ രൂപയുടെ കരിമണലാണ് ഇവിടെനിന്നു കടത്തിക്കൊണ്ടുപോയത്. എന്നാല്‍ ഈ മേഖലയുടെ സാധ്യതകള്‍ സംസ്ഥാനത്തിന്റെ വികസന- വളര്‍ച്ചയ്‌ക്കായി ഉപയോഗപ്പെടുത്തുന്നില്ല. കേരള മോഡല്‍ വികസനം എന്ന ഒന്നില്ലെന്നു ചലര്‍ വാദിക്കുന്നു. ഇത് അത്ഭുതകരമായ മോഡലാണെന്നു മറ്റു ചിലര്‍ പറയുന്നു. രണ്ടും പൂര്‍ണമായും ശരിയല്ല. അടിസ്ഥാന സൗകര്യവികസനം മുതല്‍ മുല്യവര്‍ധിത ഉത്പന്ന വ്യവസായം വരെ എല്ലാ മേഖലകളും സമഗ്രമായി വളരണം. സ്പീക്കര്‍ നിര്‍ദേശിച്ചു.
ദ്വിദിന വാര്‍ഷിക സമ്മേളനത്തില്‍ റോട്ടറി ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ഡോ. പ്രകാശ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. റോട്ടറി ഡിസ്ട്രിക്റ്റിന്റെ പുതിയ സാമൂഹ്യസേവന പദ്ധതികള്‍ അദ്ദേഹം യോഗത്തില്‍ അവതരിപ്പിച്ചു. പരിവര്‍ത്തന്‍ എന്ന പേരില്‍ 138 സര്‍ക്കാര്‍ സ്‌കൂളുകള്‍ സ്മാര്‍ട്ട് സ്‌കൂളുകളാക്കുന്ന പദ്ധതിയാണ് ഇക്കൊല്ലം റോട്ടറി മുഖ്യമായും ഏറ്റെടുക്കുന്നത്.
ദീപക് വര്‍മ മുഖ്യപ്രഭാഷണം നടത്തി. എസ്. രാജ്‌മോഹന്‍ നായര്‍, അഡ്വ. ബേബി ജോസഫ്, ജോണ്‍ ഡാനിയേല്‍, ബി.ആര്‍. അജിത്ത്, പ്രതാപ് പുരാണിക്, ഡോ. കെ. അജയകുമാര്‍, സി. ഭാസ്‌കര്‍, അര്‍ച്ചന കമ്മത്ത്, കലേഷ് രഹേജ, മനോജ് കാര്‍ത്തിക്, വിനോദ് കെ. കുട്ടി, എ.വി. പതി, ബി. ബാലഗോപാല്‍, മാത്യു വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്ലീനറി സെഷനുകളില്‍ ഫാ. ജോസഫ് പുത്തന്‍പുരയ്‌ക്കല്‍, ഡോ. എം.വി. പിള്ള, യുഎന്‍ അസോസിയേറ്റഡ് എക്കണോമിക് അഫയേഴ്‌സ് ഓഫിസര്‍ ഡോ. അരുണ്‍ ജേക്കബ് എന്നിവര്‍ വിഷയാവതരണം നടത്തി. വേണുഗോപാല്‍ മേനോന്‍, ഇ.എം. വര്‍ഗീസ്, ടോം ജോസഫ്, ജോസ് കെ. മാത്യു, കെ.എസ്. പിള്ള, ഡോ. കെ. ജസ്വിന്‍, വി. ദാമോദരന്‍, കെ.ആര്‍. പാണ്ഡ്യന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
















