ആലപ്പുഴ: ചെമ്മീന്‍ സിനിമയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ തടഞ്ഞാല്‍ അക്കാര്യം നാട്ടുകാര്‍ നോക്കിക്കൊള്ളുമെന്ന് മന്ത്രി ജി. സുധാകരന്‍. മത്സ്യത്തൊഴിലാളികളെ അവഹേളിക്കുന്ന സിനിമ പ്രദര്‍ശിപ്പിച്ചാല്‍ തടയുമെന്ന ധീവരസഭ ജനറല്‍ സെക്രട്ടറി ദിനകരന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയഷന്‍ സംസ്ഥാന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസുകാരനായ ദിനകരന്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്തിനെന്ന് അറിയാം. മത്സ്യത്തൊഴിലാളികളെയോ അവരുടെ കുടുംബങ്ങളെയോ ആക്ഷേപിക്കുന്ന യാതൊന്നും സിനിമയില്‍ ഇല്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന ആഭ്യന്തര മന്ത്രി പദം വിട്ടാല്‍ കോണ്‍ഗ്രസ് നേതാവായ രമേശ് ചെന്നിത്തലയ്‌ക്ക് യാതൊരു ഗുണവും ഉണ്ടാകില്ല. സുമുഖനായ പ്രതിപക്ഷ നേതാവ് സത്യഗ്രഹം ഇരിക്കുന്നത് നല്ലതാണ്. പക്ഷെ പിണറായി ആഭ്യന്തര മന്ത്രി പദം ഒഴിയണമെന്ന ആവശ്യം നടക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.
മോഹന്‍ലാല്‍ മഹാനായ കലാകാരനാണ്. പുലിമുരുകനെക്കുറിച്ചുള്ള തന്റെ പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയകള്‍ വളച്ചൊടിച്ചു. താന്‍ മോഹന്‍ലാലിനെ ഇകഴ്‌ത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക ചാനലുകള്‍ക്കേ ആഗോള മാധ്യമ ലോബികളെ നിയന്ത്രിക്കാന്‍ കഴിയൂ. ഇവര്‍ പ്രചരിപ്പിക്കുന്ന അസത്യങ്ങള്‍ തിരുത്താന്‍ പ്രാദേശിക ചാനലുകള്‍ ആവശ്യമാണ്. സംസ്ഥാന പ്രസിഡന്റ് കെ. വിജയകൃഷ്ണന്‍ അദ്ധ്യക്ഷനായി.
















