നിലമ്പൂര്‍: മാവോയിസ്റ്റുകളെ പൂര്‍ണ്ണമായും അമര്‍ച്ച ചെയ്യാനാവാതെ പോലീസും വനംവകുപ്പും ഇരുട്ടില്‍ തപ്പുമ്പോള്‍ ഭീതിയിലായിരിക്കുന്നത് നിലമ്പൂരിലെ ആയിരക്കണക്കിന് കുടിയേറ്റ കര്‍ഷര്‍ 2016 നവംബര്‍ 24ന് കരുളായി വനത്തിലുണ്ടായ പോലീസ് ഏറ്റുമുട്ടലില്‍ രണ്ട് നേതാക്കള്‍ മരിച്ചെങ്കിലും ഇന്നും തങ്ങളുടെ സുരക്ഷിത കേന്ദ്രമായാണ് നിലമ്പൂരിനെ മാവോയിസ്റ്റുകള്‍ കണക്കാക്കുന്നത്. പ്രതിച്ഛായ ഭയം മൂലം സര്‍ക്കാര്‍ പോലീസിനെ മാവോയിസ്റ്റ് വേട്ടയില്‍ നിന്ന് വിലക്കിയിരിക്കുകയാണ്. മനുഷ്യാവകാശ സംഘടനകളുടെയും ചില രാഷ്‌ട്രീയ പാര്‍ട്ടികളുടെയും പിന്തുണയും മാവോയിസ്റ്റുകള്‍ക്ക് ധൈര്യം പകരുന്നു.
എല്ലാം അവസാനിച്ചെന്ന് നിലമ്പൂരിലെ ജനങ്ങള്‍ ആശ്വസിച്ചിരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം ഒരു മാവോവാദി പിടിയിലാകുന്നത്. അതും ജനവാസകേന്ദ്രത്തില്‍ നിന്ന്. കോയമ്പത്തൂര്‍ സ്വദേശി അയ്യപ്പന്‍ എന്ന രവിയാണ് പിടിയിലായത്. സായുധ പോരാളിയാണ് താനെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. പുതിയ 2000 രൂപയുടെ നോട്ടുകളും, രാജ്യദ്രോഹ സന്ദേശങ്ങള്‍ അച്ചടിച്ച ലഘുലേഖകളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. പ്രാദേശികമായ സഹായം മാവോയിസ്റ്റുകള്‍ക്ക് ലഭിക്കുന്നുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. പക്ഷേ കൃത്യമായ തെളിവില്ലാതെ ആരെയും ചോദ്യം ചെയ്യാനാവില്ല, തെളിവുണ്ടെങ്കില്‍ തന്നെ തുടര്‍ നടപടികള്‍ക്ക് സര്‍ക്കാര്‍ അനുമതിയും നല്‍കില്ല. മാവോയിസ്റ്റ് ഭീതിയില്‍ ജീവിക്കുന്ന നിലമ്പൂരിലെ ജനങ്ങളും സംശയത്തിന്റെ നിഴലിലേക്ക് വരികയാണിപ്പോള്‍.
കരുളായി ഏറ്റുമുട്ടലിന് ശേഷം ഏത് സമയത്തും തിരിച്ചടിയുണ്ടായേക്കാമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. മാവോയിസ്റ്റുകള്‍ നേരിട്ടും ചില സൂചനകള്‍ നല്‍കി. ഇത്രയുമായിട്ടും പോലീസും സര്‍ക്കാരും ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ല. ഈ അനാസ്ഥ ശരിക്കും മാവോവാദികള്‍ മുതലെടുക്കുകയാണ്. ഭീഷണിയുള്ളതിനാല്‍ നിലമ്പൂര്‍ മേഖലയിലെ മുഴുവന്‍ പോലീസ് സ്‌റ്റേഷനുകളും കനത്ത സുരക്ഷയിലാണ്. പക്ഷേ ജനങ്ങള്‍ക്ക് മാത്രം സുരക്ഷയില്ലാത്ത സ്ഥിതി.
















