എറണാകുളം പ്രസ്‌ക്ലബും പി ആര്‍ സി ഐയും ചേര്‍ന്ന് സംഘടിപ്പിച്ച പി ആര്‍ ആന്‍ഡ് മീഡിയ കോണ്‍ക്‌ളേവ് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി: സമൂഹം മാധ്യമങ്ങളെ വിശ്വസിക്കുമ്പോള്‍ ആ വിശ്വാസത്തിന് അനുഗുണമായ വിശ്വാസ്യത തിരിച്ചുകൊടുക്കാന്‍ മാധ്യമങ്ങള്‍ ബാധ്യസ്ഥരാണെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍.
അന്നന്നത്തെ പ്രത്യേക സാഹചര്യങ്ങള്‍ക്കു വേണ്ടി ബ്രേക്കിങ് ന്യൂസുകള്‍ അന്വേഷിച്ചു നടക്കുകയാണ് മാധ്യമങ്ങള്‍. മാധ്യമപ്രവര്‍ത്തകര്‍ക്ക് രാഷ്‌ട്രീയമുണ്ടാകാം. എന്നാല്‍ ചര്‍ച്ചകളില്‍ തങ്ങളുടെ നിലപാടിലേക്ക് മറ്റുളളവരെ എത്തിക്കാന്‍ വാര്‍ത്താ അവതാരകര്‍ ശ്രമിക്കുന്നത് സംവാദമല്ല. എറണാകുളം പ്രസ്‌ക്ലബും പി ആര്‍ സി ഐയും ചേര്‍ന്ന് സംഘടിപ്പിച്ച പി ആര്‍ ആന്‍ഡ് മീഡിയ കോണ്‍ക്‌ളേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീരാമകൃഷ്ണന്‍. ജനങ്ങളുടെ വിശ്വാസ്യത നിലനിര്‍ത്താനും കേരളത്തിന്റെ നഷ്ടങ്ങള്‍ തിരിച്ചു കൊണ്ടുവരുവാനും മാധ്യമപ്രവര്‍ത്തകരുടെ ഇടപെടല്‍ വേണമെന്നും ശ്രീരാമകൃഷ്ണന്‍ ആവശ്യപ്പെട്ടു.
തലമുറകളുടെ സമ്പത്തുല്‍പാദനത്തില്‍ നിര്‍ണായക സ്ഥാനം വഹിക്കുമായിരുന്ന കരിമണല്‍ ഖനനം തൊട്ടുകൂടാന്‍ പാടില്ലാത്തത് എന്ന തരത്തിലാണ് മാധ്യമങ്ങള്‍ കൈകാര്യം ചെയ്തത്. ഒരു ലക്ഷം കോടിയുടെ കരിമണലാണ് കേരളത്തില്‍ നിന്ന് കടത്തിയതെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി. ഖത്തറിനെക്കാള്‍ കേരളത്തെ സമ്പന്നമാക്കാന്‍ കഴിയുന്നതായിരുന്നു കരിമണലെന്നും ഈ വിഷയത്തില്‍ മാധ്യമങ്ങള്‍ നീതി കാട്ടിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജനാധിപത്യത്തെ പുഷ്ടിപ്പെടുത്തുന്നതില്‍ മാധ്യമങ്ങളുടെ പങ്ക് വലുതാണ്. അതിനോട് അസഹിഷ്ണുത കാട്ടുന്നത് യുക്തിരഹിതമാണ്. ജനാധിപത്യത്തിന്റെ വികസനസാധ്യതകള്‍ എവിടെയെന്ന് അന്വേഷിക്കേണ്ടത് മാധ്യമങ്ങളുടെ കൂടി ഉത്തരവാദിത്വമാണെന്ന് സ്പീക്കര്‍ ഓര്‍മ്മപ്പെടുത്തി. സര്‍ക്കാര്‍ ഫയലുകളില്‍ സംവാദങ്ങളാണ് നടക്കേണ്ടത്. എന്നാല്‍ ഒപ്പുകള്‍ കൊണ്ടുള്ള യുദ്ധമാണ് ഇപ്പോള്‍ നടക്കുന്നത്. ഫയലുകളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സംവാദത്തിലൂടെയുള്ള തീരുമാനങ്ങളാണ് വേണ്ടത്.
സത്യം ജനങ്ങളിലേക്ക് എത്തിക്കുന്നതാണ് യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തനമെന്ന് അധ്യക്ഷത വഹിച്ച പ്രൊഫ. കെ വി തോമസ് പറഞ്ഞു. ഹൗസ് ജേര്‍ണലുകള്‍ക്കും ഇ മാഗസിനുകള്‍ക്കുമുള്ള നിബ് കൊളാറ്ററല്‍ അവാര്‍ഡുകള്‍ ശ്രീരാമകൃഷ്ണന്‍ വിതരണം ചെയ്തു. എയര്‍ ഇന്ത്യ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജിതേന്ദ്ര ഭാര്‍ഗവ, മനോരമ ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ് എന്നിവര്‍ ക്‌ളാസുകള്‍ നയിച്ചു. പ്രസ്‌ക്ലബ് പ്രസിഡണ്ട് കെ. രവികുമാര്‍, സെക്രട്ടറി എസ്. ഉണ്ണികൃഷ്ണന്‍, പി ആര്‍ സി ഐ കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ യു എസ് കുട്ടി, സെക്രട്ടറി ടി. വിനയ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.
















