ഹരിദ്വാര്‍: യോഗയുടെ പേരില്‍ ബിക്രം ചൗധരിയെപ്പോലുള്ളവര്‍ നടത്തുന്ന കോപ്രായങ്ങള്‍ക്ക് എതിരെ ബാബാ രാംദേവും ശ്രീശ്രീ രവിശങ്കറും ശാന്തികുഞ്ജ് മേധാവി പ്രണവ് പാണ്ഡ്യയും കൈകോര്‍ക്കുന്നു. ശില്‍പ്പ ഷെട്ടി, ബിക്രം ചൗധരി, അന ടി ഫോറസ്റ്റ് തുടങ്ങിയവരെപ്പോലുള്ളവര്‍ യോഗയെന്നു പറഞ്ഞ് പ്രചരിപ്പിക്കുന്നതിനെതിരെയാണ് ശരിയായ, പരമ്പരാഗത യോഗയുടെ ആചാര്യന്മാര്‍ ഒന്നിക്കുന്നത്.
ഹരിദ്വാറില്‍ അവര്‍ ഇന്ത്യന്‍ യോഗ അസോസിയേഷനും കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കാന്‍ സാങ്കേതിക സമിതിയും രൂപീകരിച്ചു. യോഗദിനമായ ജൂണ്‍ 21നു മുന്‍പ് ഇവര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കും. യോഗ ഗുരുവും പതഞ്ജലി യോഗ വിദ്യാ പീഠം അധിപതിയുമായ ബാബാരാംദേവാണ് അസോസിയേഷന്‍ ചെയര്‍മാന്‍.
പൗരാണിക ഭാരതത്തില്‍ നിലനിന്നിരുന്ന ശാരീരിക മാനസിക ആത്മീയ വളര്‍ച്ചക്കുള്ള മുറയാണ് യോഗ. അതിന്റെ പൂര്‍ണ്ണ ബൗദ്ധിക അവകാശം ഭാരതത്തിനാണ്. ഇന്ന് യോഗ പണമുണ്ടാക്കാനുള്ള വഴിയാണ്. പ്രതിവര്‍ഷം 500 ലക്ഷം ഡോളറുള്ള ബിസിനസായി ഇത് മാറിക്കഴിഞ്ഞു. 2015ല്‍ പദ്മശ്രീ ലഭിച്ച പോര്‍ച്ചുഗലിലെ അമൃത സൂര്യാനന്ദ മഹാരാജും ബാബാരാംദേവിനൊപ്പമുണ്ട്.
















