കൊച്ചി: സംസ്ഥാനത്തെ ആശുപത്രി വികസനത്തിന് 430 കോടിയോളം രൂപ മുടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാര്‍. സംസ്ഥാനം സഹകരിക്കുന്നതുപോലെ നടപ്പാകും. പാരിപ്പള്ളിയിലെ ഇഎസ്‌ഐ മെഡിക്കല്‍ കോളേജ് നടത്തിപ്പ് സംസ്ഥാന സര്‍ക്കാരില്‍നിന്ന് കോര്‍പ്പറേഷന്‍ തിരിച്ചെടുത്തേക്കും.
അടിമാലി, കാസര്‍കോട്, മൂന്നാര്‍ എന്നിവിടങ്ങളിലെ മൂന്ന് ഡിസ്പന്‍സറികള്‍ ആശുപത്രികളാക്കാന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചു. തിരുവനന്തപുരം പോത്തന്‍കോട്ട് മാതൃകാ ആശുപത്രി നിര്‍മ്മിക്കും.
രാജ്യത്തെ 1500 ഇഎസ്‌ഐ ഡിസ്പന്‍സറികളില്‍ 500 എണ്ണം ആറു കിടക്കകളുള്ള ആശുപത്രികളാക്കാന്‍ ഇഎസ്‌ഐ കോര്‍പ്പറേഷന്‍ തീരുമാനിച്ചു. കേരളത്ത 43 എണ്ണം ആശുപത്രികളാക്കാന്‍ ഉദ്ദേശ്യമുണ്ട്. ഏഴുമുതല്‍ 10 കോടിരൂപവരെയാണ് ഓരോന്നിനും ചെലവിടുക.
എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ സ്ഥലവും, പദ്ധതിയും സമര്‍പ്പിക്കണം. ഇതിന് കേരളം തയ്യാറാകുമെന്നു കരുതുന്നതായി കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രയ പറഞ്ഞു.
കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളെജ് കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുമായി കൂടുതല്‍ ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്നു പറഞ്ഞ മന്ത്രി സംസ്ഥാനവുമായി വിശദമായ ചര്‍ച്ച നടത്തുമെന്ന് അറിയിച്ചു.
പാരിപ്പള്ളിയില്‍ 600 കോടി രൂപ മുടക്കി ഇഎസ്‌ഐ കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച മെഡിക്കല്‍ കോളെജ് വ്യവസ്ഥകളോടെ 2015-ല്‍ സംസ്ഥാനത്തിന് കൈമാറിയതാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ കരാര്‍പ്രകാരം ഒന്നും ചെയ്തിട്ടില്ല. ഇതുവരെ ഒരു ജീവനക്കാര്‍ക്കും സേവനം ലഭിച്ചിട്ടില്ല.
ഈ സാഹര്യത്തില്‍ കരാര്‍ പുനപ്പരിശോധിക്കാന്‍ പോലും കോര്‍പ്പറേഷന്‍ ആലോചിക്കുന്നു. കേന്ദ്ര ലേബര്‍ സെക്രട്ടറി സംസ്ഥാന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. തുടര്‍ ചര്‍ച്ച നടത്തി തീരുമാനം ഉടന്‍ എടുത്തേക്കും.
















