തിരുവനന്തപുരം: കേരള ചരിത്രഗവേഷണ കൗണ്‍സില്‍ ഡയറക്ടറായി അക്കാദമിക് യോഗ്യതകളില്ലാത്ത വ്യക്തിയെ നിയമിക്കാന്‍ മുന്‍ ഡയറക്ടര്‍ പി.ജെ. ചെറിയാന്റെ ശ്രമം. എക്‌സിക്യൂട്ടീവ് കൗണ്‍സിലിനെ സ്വാധീനിച്ച് റിസര്‍ച്ച് ഓഫീസറായ പ്രീതാനായരെ ഡയറക്ടറാക്കാനാണ് ശ്രമം. ഇതിന് കെസിഎച്ച്ആര്‍ ചെയര്‍മാന്‍ കെ.എന്‍. പണിക്കരെ മറയാക്കി അക്കാദമിക് മാനദണ്ഡങ്ങള്‍ പോലും തിരുത്താനാണ് നീക്കം.
വിരമിക്കല്‍പ്രായം കഴിഞ്ഞും ഡയറക്ടര്‍ സ്ഥാനത്തു തുടര്‍ന്ന ചെറിയാന്‍ നിരവധി അഴിമതി ആരോപണങ്ങള്‍ നേരിട്ടാണ് രണ്ടുമാസം മുമ്പ് പുറത്തുപോയത്. പുതിയ ഡയറക്ടറായി ചരിത്രത്തില്‍ പിഎച്ച്ഡി ഉള്ള 50 വയസ്സ് തികയാത്ത വ്യക്തികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ച് പരസ്യം ചെയ്തിരുന്നു. ഈ മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പ്പറത്തി 52 വയസ്സുകഴിഞ്ഞ ചരിത്രത്തില്‍ പിഎച്ച്ഡി ഇല്ലാത്ത കാര്യവട്ടം കാമ്പസില്‍ ആര്‍ക്കിയോളജിവിഭാഗത്തില്‍ 2008 ന് മുമ്പ് ഗസ്റ്റ് ലക്ചററായിരുന്ന പ്രീതാ നായരെ നിയമിക്കാനാണ് ശ്രമം. ഡയറക്ടറായിരുന്ന കാലത്ത് 2008 ലാണ് ഇവരെ അക്കാദമിക് കോ-ഓര്‍ഡിനേറ്ററായി കെസിഎച്ച്ആറില്‍ നിയമിച്ചത്. ഒരു വര്‍ഷം കഴിഞ്ഞ് റിസര്‍ച്ച് ഓഫീസറാക്കി. ചരിത്രവിഭാഗത്തില്‍ യുജിസി അധ്യാപിക അല്ലാത്തപ്രീതയെ കെസിഎച്ച്ആറില്‍ യുജിസി സ്‌കെയിലില്‍ ശമ്പളം നല്‍കി സംരക്ഷിക്കുകയും ചെയ്തു.
പട്ടണം ഉത്ഖനനവുമായി ബന്ധപ്പെട്ട അഴിമതിയില്‍ പ്രീതാനായര്‍ക്ക് പങ്കുണ്ടെന്ന് 2015-16 വര്‍ഷത്തെ ആഡിറ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഇതേക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കണമെന്നും എജി ശുപാര്‍ശ ചെയ്തിരുന്നു. മുമ്പ് ചെറിയാനെതിരെ നിരവധി അഴിമതികള്‍ എജി ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും മാറിമാറി വന്ന ഇടതുവലത് സര്‍ക്കാരുകള്‍ ഒരു നടപടിയും സ്വീകരിച്ചില്ല.
















