ദുബായ്: മുസ്ലിംകള്‍ ലോകത്ത് ഏറ്റവും സ്വാതന്ത്ര്യമനുഭവിക്കുന്നത് ഇന്ത്യയിലെന്ന് ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ഇന്ത്യക്ക് ചുറ്റുമുള്ള മറ്റേതൊരു രാജ്യത്തും മുസ്ലിംകള്‍ക്ക് ഈ സ്വാതന്ത്ര്യം ലഭിക്കുന്നില്ലെന്നും ഒഎന്‍വി ഫൗണ്ടേഷന്റെ ഹരിതമാനസം പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അടൂര്‍ ദുബായില്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.
ഹജ്ജ് വിമാനക്കൂലിയില്‍ ഇളവ് അടക്കമുള്ള ആനുകൂല്യങ്ങള്‍ ഇവര്‍ക്ക് ലഭിക്കുന്നു. ഇന്ത്യയില്‍ ചിലരുടെ ഭാഗത്തു നിന്നുണ്ടാകുന്ന നടപടികളില്‍ മുസ്ലിംകള്‍ അനാവശ്യമായി ഭയപ്പെടേണ്ടതില്ല. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. പ്രഗത്ഭര്‍ ചേര്‍ന്ന് തയ്യാറാക്കിയ മഹത്തായ ഭരണഘടനയാണിവിടെ. എന്തൊക്കെ കുറ്റവും കുറവുമുണ്ടെങ്കിലും രാജ്യത്തെ ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ഭരണഘടനയ്‌ക്ക് സാധിക്കും. മത ഭീകരവാദികള്‍ക്ക് ഇന്ത്യയുടെ മതേതര സ്വഭാവം ഇല്ലാതാക്കാനാവില്ലെന്നും അടൂര്‍ പറഞ്ഞു.
ഇന്ത്യയില്‍ മതേതരത്വം പൂര്‍ണമായും നഷ്ടമായെന്നും പ്രതികരണ ശേഷി ഇല്ലാതായി എന്നുമൊക്കെയുള്ള വാദങ്ങളോട് യോജിപ്പില്ല. എം.എം. കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധബോല്‍ക്കര്‍ എന്നിവരുടെ കൊലപാതകങ്ങളെ രാജ്യത്തെ ഭൂരിഭാഗവും എതിര്‍ത്തു. എം.ടി. വാസുദേവന്‍ നായര്‍ക്കെതിരായ വിവാദത്തിലും പ്രതിഷേധമുയര്‍ന്നതായി അടൂര്‍ ചൂണ്ടിക്കാട്ടി.
















