കൊച്ചി: നിരത്തുകളില്‍ വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതു ഗതാഗത സംവിധാനങ്ങളെ കൂടുതല്‍ ആശ്രയിക്കണമെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു. ഇതിനായി മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ ടെൻഷൻ റിഡക്ഷൻ ചെയ്യാൻ പബ്ലിക് ട്രാൻസ്‌പോർട്ട് സിസ്റ്റം ഉപയോഗിക്കണമെന്നും നായിഡു നിർദ്ദേശിച്ചു. കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു വെങ്കയ്യ നായിഡു. കൊച്ചി സ്മാർട് സിറ്റിയായി മാറുകയാണെന്നും കേന്ദ്ര സർക്കാരിന്റെ 100 സ്മാർട് നഗരങ്ങൾ എന്ന പദ്ധതിയിലെ ഭാഗമായ നഗരം അതിന്റ മുഖഛായ മാറ്റുകയാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
മോദിയുടെ ഇംഗ്ലീഷ് സ്‌പെല്ലിങ്ങിന്റെ പൂർണ രൂപം മേക്കിങ് ഓഫ് ഡെവലപ്ഡ് ഇന്ത്യ എന്നാണ്. മാറ്റം വരുത്തൂ, പ്രവർത്തിക്കൂ, പരിവർത്തനം നടത്തൂ രാജ്യത്തെ നമുക്ക് മുന്നിലേക്ക് നയിക്കാമെന്നതാണ് പ്രധാനമന്ത്രി നൽകിയിട്ടുള്ള സന്ദേശമെന്നും വെങ്കയ്യ നായിഡു അറിയിച്ചു. വികസനത്തിനാണ് രാജ്യത്ത് പ്രാധാന്യം. കേരളത്തിലെയും കൊച്ചിയിലേയും ജനങ്ങൾ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നുവെന്നും നായിഡു പറഞ്ഞു. വികസനം വികസനം വികസനം എന്നത് മാത്രമാണ് സർക്കാറിന്റെ മന്ത്രമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
















