ന്യൂദല്‍ഹി: സര്‍ക്കാരുകള്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളോട് വിവേചനം കാണിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റംസാന് വൈദ്യുതിയുണ്ടെങ്കില്‍, ദീപാവലിക്കും വേണം. ഉത്തര്‍പ്രദേശിലെ ഫത്തേപൂരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ മോദി പറഞ്ഞു.
വിവേചനമാണ് നമ്മുടെ ശാപം. ആരോടും പ്രീണനവും വിവേചനവുമില്ലാതെയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ജാതിയുടെയും മതത്തിന്റെയും പേരില്‍ വോട്ടു ചോദിക്കാന്‍ വരുന്നവരുണ്ട്. വികസനത്തിന്റെ പേരില്‍ വോട്ടു ചോദിക്കുന്ന ഏക പാര്‍ട്ടി ബിജെപിയാണ്, മോദി പറഞ്ഞു. മുങ്ങിക്കൊണ്ടിരിക്കുന്ന രണ്ടു കപ്പലുകളുടെ ഐക്യമാണ് സമാജ്വാദിപാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യമെന്ന് മോദി പരിഹസിച്ചു. മുങ്ങിത്താഴുന്നതിനിടയില്‍ പരസ്പരം കൈ കോര്‍ക്കുകയാണ് അവര്‍. രാജ്യം കട്ടുമുടിച്ച കോണ്‍ഗ്രസുമായി കൂട്ടുചേര്‍ന്ന എസ്പി, രാം മനോഹര്‍ ലോഹ്യയെ അപമാനിച്ചു. യുപിയില്‍ വികസനത്തിന്റെ വനവാസം അവസാനിപ്പിക്കണം. രാജ്യം വികസനത്തിലേക്കു കുതിക്കുമ്പോള്‍ സംസ്ഥാനവും വികസിക്കപ്പെടണം.
സമാജ്വാദി പാര്‍ട്ടിയെയും അഖിലേഷിനെയും കടന്നാക്രമിച്ച പ്രധനമന്ത്രി സംസ്ഥാനത്ത് ക്രമസമാധാന തകര്‍ച്ചയെന്നും ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ പോലീസ് നിഷ്‌ക്രിയര്‍. സംസ്ഥാന മന്ത്രി ഗായത്രി പ്രജാപതിക്കെതിരെ കേസെടുക്കാന്‍ സുപ്രീംകോടതിക്ക് ഇടപെടേണ്ടി വന്നു. പോലീസ് സ്റ്റേഷനുകള്‍ സമാജ്‌വാദി പാര്‍ട്ടിയുടെ ഓഫീസുകളായി. ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സാധിക്കാത്ത എസ്പിയെ വിശ്വസിക്കാനാകില്ല. ഗുണ്ടാ ഭരണം അവസാനിപ്പിക്കാന്‍ എസ്പിക്ക് സാധിച്ചിട്ടില്ല. ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്ന സര്‍ക്കാരിനെയാകണം തെരഞ്ഞെടുക്കേണ്ടത്. അഖിലേഷിന്റെ മുഖത്തെ ശോഭ മാഞ്ഞു. ശബ്ദത്തിന് ഇടര്‍ച്ചയുണ്ട്. അദ്ദേഹം ഭയപ്പെടുന്നു. മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ വാക്കുകള്‍ക്കായി പരതുന്നു, മോദി പറഞ്ഞു.
തന്റെ പോരാട്ടം വന്‍കിടക്കാര്‍ക്കെതിരെയാണെന്ന് നോട്ട് റദ്ദാക്കല്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി വ്യക്തമാക്കി. സാധാരണക്കാരുടെ അനുഗ്രഹം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
















