തിരുവനന്തപുരം: കേരളത്തില്‍ തുഗ്ലക്ക് ഭരണമാണ് നടക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് നടപ്പിലാക്കുന്നതിനെതിരെ സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സിലിന്റെ രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജീവനക്കാരെ സര്‍ക്കാര്‍ ശത്രുക്കളായാണ് കാണുന്നത്. ഉദ്യോഗസ്ഥ തലത്തില്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നത് നേരെചൊവ്വേ ആയിരിക്കണം. അല്ലാതെ പരിഷ്‌കാരങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് ജനാധിപത്യ മര്യാദയല്ല. കെഎഎസ് നടപ്പിലാക്കുന്നത് സംബന്ധിച്ച് മന്ത്രിമാര്‍ക്ക് വേണ്ടവിധം മനസ്സിലാക്കാനോ ഗൃഹപാഠം ചെയ്യാനോ സാധിച്ചിട്ടില്ല. ഔട്ട് ഓഫ് അജണ്ടയായാണ് കെഎഎസ് നടപ്പിലാക്കിയത്. ഇത് മന്ത്രിസഭയ്‌ക്ക് സംഭവിച്ച ഗുതുതരവീഴ്ചയാണന്നും സുധീരന്‍ ചുണ്ടിക്കാട്ടി.
ഏകാധിപത്യ ശൈലിയാണ് പിണറായി സ്വീകരിക്കുന്നത്. ജീവനക്കാര്‍ കെഎഎസിനെതിരെ ഒറ്റക്കെട്ടാണ്. ഐഎഎസ് ഉദ്യോഗസ്ഥരുടെ സമരവും നിസ്സഹകരണവും ഐപിഎസ് വിയോജിപ്പും ചേരിപ്പോരും പരിഹരിക്കാനാകാത്ത നിഷ്‌ക്രിയനായ മുഖ്യമന്ത്രയും ഭരണകൂടവുമാണ് നിലവിലുള്ളത്. എല്‍ഡിഎഫ് അധികാരത്തിലെത്തിയ ശേഷം മന്ത്രിമാര്‍ തൊട്ടതെല്ലാം പാളി. സംസ്ഥാനത്ത് ഭരണമില്ലാത്ത അവസ്ഥയാണ്. കേരളം ഭരണത്തകര്‍ച്ചയിലേക്ക് പോയകാലം ഇതുവരെ ഉണ്ടായിട്ടില്ലെന്നും സുധീരന്‍ പറഞ്ഞു. ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജെ. ബെന്‍സി അധ്യക്ഷനായിരുന്നു.
















