കൊച്ചി: മേലനങ്ങാതെ തൊഴിലാളികളെ ചൂഷണം ചെയ്ത് അവരുടെ വിഹിതം പറ്റി നടക്കുന്ന സിഐടിയു നേതാക്കള്‍ക്കെതിരെ തൊഴിലാളികള്‍ക്കിടയില്‍ അമര്‍ഷം. ഇവര്‍ നീലക്കുപ്പായം ധരിക്കുകയോ തൊഴില്‍ എടുക്കുകയോ ചെയ്യാതെ പണിയെടുക്കുന്ന തൊഴിലാളികളുടെ വേതനത്തിന്റെ പങ്ക് പറ്റുകയാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്. തൊഴിലാളികള്‍ക്ക് ഇരുപതോ ഇരുപത്തിയഞ്ചോ ദിവസത്തെ വേതനം ലഭിക്കുമ്പോള്‍ നേതാക്കള്‍ക്ക് മാസത്തില്‍ 30 ദിവസത്തെ വേതനമാണ് ലഭിക്കുന്നത്.
തൃശൂര്‍ മാര്‍ക്കറ്റ്, തിരുവനന്തപുരം ചാല, എറണാകുളം ടൗണ്‍ എന്നിവിടങ്ങളിലാണ് സിഐടിയു ചുമട്ടുതൊഴിലാളികള്‍ കൂടുതലുള്ളത്. എറണാകുളം ടൗണില്‍ രണ്ടായിരത്തോളം തൊഴിലാളികളാണ് ഉള്ളത്. പൂള്‍ അടിസ്ഥാനത്തിലാണ് തൊഴില്‍ നിശ്ചയിച്ചിരിക്കുന്നത്. രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെയാണ് ജോലി സമയം അട്ടിമറി പൂളിലാണ് ഏറ്റവും കൂടുതല്‍ വരുമാനം, ഒരു നേതാവിന്റെ കീഴില്‍ രണ്ടോ മൂന്നോ പൂള്‍ ഊണ്ടാകും. പത്തും പതിനഞ്ചും വര്‍ഷമായി നീലക്കുപ്പായം ഇടാതെ, രജിസ്റ്ററില്‍ ഒപ്പ് വച്ച് പണിയെടുക്കാതെ കൂലി വാങ്ങുന്ന നേതാക്കള്‍ വരെയുണ്ടെന്ന് തൊഴിലാളികള്‍ പറയുന്നു. ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് ധനലക്ഷ്മി ബാങ്ക് വഴിയാണ് തൊഴിലാളികള്‍ക്ക് മാസാവസാനം കൂലി ലഭിക്കുന്നത്.
തൊഴിലാളികള്‍ക്ക് അവരുടേതായ ആവശ്യങ്ങള്‍ക്ക് അവധിയെടുത്താല്‍ അന്നത്തെ കൂലി ലഭിക്കില്ല. എന്നാല്‍ പണിയെടുക്കാതെതന്നെ എല്ലാ ദിവസവും രജിസ്റ്ററില്‍ ഒപ്പ് വക്കുന്നതിനാല്‍ നേതാക്കള്‍ക്ക് മറ്റ് തൊഴിലാളികള്‍ പണിയെടുക്കുന്നതിന്റെ വിഹിതം ലഭിക്കുന്നു. 60 വയസ് കഴിഞ്ഞാല്‍ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും പണിയെടുക്കുന്നവര്‍ക്ക് ലഭിക്കുന്നതോടൊപ്പം പണിയെടുക്കാതെ വിലസി നടക്കുന്ന നേതാക്കള്‍ക്കും ലഭിക്കും. ജോലി സമയത്ത് തൊഴിലാളികള്‍ അവരുടെ വിശ്രമകേന്ദ്രങ്ങളില്‍ ഉണ്ടാകണമെന്നാണ് നിയമം. നേതാക്കള്‍ രാവിലെ എത്തി ബുക്കില്‍ ഒപ്പിട്ടാല്‍ പിന്നെ പ്രദേശത്ത് പോലും കാണില്ല. ഇക്കാര്യങ്ങള്‍ പരിശോധിക്കേണ്ടത് ലേബര്‍ ഓഫീസര്‍മാരാണ്. അവര്‍ പലപ്പോഴും നോക്കുകുത്തിയാവുകയാണ്.
കൂടാതെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരും ചുമട്ട് തൊഴിലാളിയൂണിയനില്‍ ഉണ്ട്. ഇവര്‍ ഉച്ചയോടെയാണ് പലപ്പോഴും പൂളുകളില്‍ എത്തുന്നത്. ഇവരുടെ ജോലിയും മറ്റ് തൊഴിലാളികള്‍ ചെയ്യേണ്ടിവരുന്നു. യഥാര്‍ത്ഥത്തില്‍ നേതാക്കള്‍ തൊഴിലാളികളില്‍ നിന്ന് നോക്കുകൂലിയാണ് കൈപറ്റുന്നതെന്നാണ് തൊഴിലാളികളുടെ ആക്ഷേപം. നേതാക്കള്‍ക്ക് വേണമെങ്കില്‍ ശമ്പളത്തില്‍ നിന്ന് അലവന്‍സ് നല്‍കാന്‍ തയ്യാറാണെന്നും ഇവര്‍ രജിസ്റ്ററില്‍ ഒപ്പ് വച്ച് ഞങ്ങളുടെ കൂലിയില്‍നിന്ന് വിഹിതം പറ്റരുതെന്നുമാണ് തൊഴിലാളികളുടെ പക്ഷം. ഇക്കാര്യങ്ങളെക്കുറിച്ച് സിഐടിയു ജില്ലാ- സംസ്ഥാന നേതാക്കളെ ധരിപ്പിച്ചിട്ടും പ്രയോജനമുണ്ടായില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.
















