തിരുവനന്തപുരം: കേരളത്തില്‍ നടന്ന 35-ാമത് ദേശീയ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് ജോലി നല്‍കുന്ന കാര്യം സമയബന്ധിതമായി നടപ്പാക്കുമെന്ന് കായികമന്ത്രി എ.സി.മൊയ്തീന്‍. പിഎസ്‌സി മുഖാന്തിരം നിയമനം നടത്തി വരുന്ന സ്ഥാപനങ്ങളില്‍ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ നിയമനം നടത്തുന്നത് സംബന്ധിച്ച് നിയമപരമായ തടസം പരിശോധിക്കാനും എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും മെഡല്‍ ജേതാക്കള്‍ക്ക് നിയമനം നല്‍കുന്ന കാര്യം പരിഗണിക്കുവാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.
35-ാം ദേശീയ ഗെയിംസില്‍ വെള്ളി, വെങ്കല മെഡലുകള്‍ നേടിയ കായിക താരങ്ങള്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി നല്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിലേക്കായി സ്ഥാപനങ്ങളുടെ എംഡിമാരുടെ യോഗം മന്ത്രി വിളിച്ച് ചേര്‍ത്തിരുന്നു.
കായിക താരങ്ങള്‍ക്ക് ജോലി നല്‍കുന്നതുമായി ബന്ധപ്പെട്ട് പൊതുമേഖലാ സ്ഥാപനങ്ങളുടെ മേധാവികള്‍ അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. യോഗത്തില്‍ ചീഫ് സെക്രട്ടറി എസ്.എന്‍.വിജയാനന്ദ്, സ്‌പോര്‍ട്‌സ് ഡയറക്ടര്‍ സഞ്ജയന്‍ കുമാര്‍, സ്‌പോര്‍ട്‌സ് സെക്രട്ടറി ഡോ.ബി.അശോക് വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ മാനേജിംങ് ഡയറക്ടര്‍മാരും യോഗത്തില്‍ പങ്കെടുത്തു.
















