വഡോദര: ഉയരങ്ങള്‍ കീഴടക്കുന്നത് ഹരമാക്കിയ നിവ്യ ആന്റണിക്ക് മുന്നില്‍ വീണ്ടും റെക്കോര്‍ഡ് തകര്‍ന്നു. സ്വന്തം പേരിലുള്ള റെക്കോര്‍ഡാണ് ഇത്തവണ കേരളത്തിന്റെ നിവ്യ തകര്‍ത്തത്. 2015-ല്‍ റാഞ്ചിയില്‍ കുറിച്ച 3.21 മീറ്റര്‍ ഉയരം നിവ്യ ഇന്നലെ 3.35 മീറ്ററാക്കി ഉയര്‍ത്തി.
എന്നാല്‍ എതിരാളികളില്ലാതെ സ്വന്തം ഉയരം തന്നെ തിരുത്തിക്കുറിച്ച് റെക്കോര്‍ഡുമായി പൊന്നണിഞ്ഞ നിവ്യക്ക് പക്ഷേ തന്റെ മികച്ച പ്രകടനത്തിന് അടുത്തെങ്ങും എത്താനായില്ല.
ഇക്കഴിഞ്ഞ ഡിസംബറില്‍ തേഞ്ഞിപ്പലം യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ 3.45 മീറ്റര്‍ ചാടി സീനിയര്‍ വിഭാഗം ദേശീയ റെക്കോഡും ഈ കണ്ണൂര്‍ക്കാരി മറികടന്നിരുന്നു. എന്നാല്‍ കഴിഞ്ഞവര്‍ഷം കോഴിക്കോട് നടന്ന ദേശീയ സ്‌കൂള്‍ മീറ്റില്‍ 3.10 മീറ്റര്‍ ചാടി വെള്ളി നേടാനേ നിവ്യക്ക് കഴിഞ്ഞിരുന്നുള്ളൂ.
ഇന്നലെ 2.70 മീറ്ററിലാണ് നിവ്യ മത്സരം തുടങ്ങിയത്. 2.95 മീറ്ററില്‍ അവസാന എതിരാളിയും പോരാട്ടം അവസാനിച്ചു. ഇതോടെ റെക്കോഡിലേക്കുള്ള പോരാട്ടം ഒറ്റയ്‌ക്കായി. 3.35 ഉയരം ആദ്യ ശ്രമത്തില്‍ തന്നെ മറികടന്നെങ്കിലും 3.40 മീറ്ററില്‍ ആത്മവിശ്വാസം കുറഞ്ഞു. മൂന്നുതവണ പോളുമായി പിറ്റിനടുത്തേക്ക് കുതിച്ച് ചാടാതെ മടങ്ങി. സ്‌റ്റേഡിയം മുഴുവനും പ്രോത്സാഹനവുമായി കൂടെ നിന്നെങ്കിലും നാലാം ശ്രമത്തിലും അഞ്ചാം ശ്രമത്തിലും ഉയരം തലകുനിക്കാതെനിന്നു.
തയ്യാറെടുപ്പുകളില്‍ പറ്റിയ പിഴവാണ് കൂടുതല്‍ ഉയരത്തില്‍ ചാടാന്‍ കഴിയാതിരുന്നതിന് കാരണമെന്ന് നിവ്യ പറഞ്ഞു. മീറ്റ് ഏപ്രിലിലേക്ക് മാറ്റിവെച്ച വാര്‍ത്ത വന്നതിനെ തുടര്‍ന്ന് പരിശീലനം നിര്‍ത്തി പരീക്ഷാ തയ്യാറെടുപ്പുകള്‍ക്കായി പാലക്കാട്ടേക്ക് മടങ്ങിയിരുന്നു. പിന്നീട് തീയതി വീണ്ടും മാറ്റിയതോടെ ഒരാഴ്ചത്തെ പരിശീലനം മാത്രമാണ് നിവ്യക്ക് നടത്താന്‍ കഴിഞ്ഞത്. പാല ജംപ്‌സ് അക്കാദമിയില്‍ സതീഷിന്റെ ശിക്ഷണത്തിലാണ് നിവ്യ ഉയരങ്ങളിലേക്ക് പറക്കുന്നത്.
പരിശീലകന്റെ അസാന്നിധ്യവും തന്റെ പ്രകടനത്തെ ബാധിച്ചുവെന്ന് നിവ്യ മത്സരശേഷം പറഞ്ഞു. പാലക്കാട് കല്ലടി എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് കണ്ണൂര്‍ സ്വദേശിയായ നിവ്യ. കണ്ണൂര്‍ എടക്കുടിയില്‍ കോളയാട് ക്വാറി തൊഴിലാളിയായ ആന്റണിയുടെയും റജിയുടെയും മകളായ നിവ്യ 2016 തുര്‍ക്കിയില്‍ ലോക സ്‌കൂള്‍ മീറ്റില്‍ വെള്ളിയും നേടിയിട്ടുണ്ട്.
ഈയിനത്തില്‍ തമിഴ്‌നാടിന്റെ സി. പുഷ്പ റാണി 2.95 മീറ്റര്‍ ചാടി വെള്ളിയും കര്‍ണാടകയുടെ ആര്‍. രചന (2.50 മീ.) വെങ്കലവും നേടി.
















