മേഴ്‌സിയെയും അന്നുവിനെയും അറസ്റ്റ് ചെയ്ത് നീക്കുന്നു
കല്‍പ്പറ്റ: തഹസില്‍ദാരെ ബന്ദിയാക്കി സമരക്കാര്‍ തങ്ങളുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കി. മാനന്തവാടി മക്കിമല പട്ടയ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ആര്‍എസ്പി ലെനിനിസ്റ്റ് പ്രവര്‍ത്തകരാണ് തഹസില്‍ദാര്‍ എന്‍.ഐ. ഷാജുവിനെ ഓഫീസിനുള്ളില്‍ പൂട്ടിയിട്ടത്.
പോലീസും അഗ്‌നിശമനസേനാംഗങ്ങളും ഇടപെട്ടാണ് ഒരു മണിക്കൂറോളം നീണ്ട സമരം അവസാനിപ്പിച്ചത്. തഹസില്‍ദാരുടെ ക്യാബിന്‍ പുറത്ത് നിന്ന് പൊളിച്ച് അകത്ത് കടന്നാണ് സമരക്കാരായ വാവച്ചന്‍, മേഴ്‌സി, അന്നു എന്നിവരെ അറസ്റ്റ് ചെയ്ത് നീക്കിയത്. തുടര്‍ന്ന് തഹസില്‍ദാരെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മക്കിമല കൈതക്കൊല്ലിയിലെ 72 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.
പട്ടയപ്രശ്‌നത്തിന് പരിഹാരം കാണാതെ മുറിതുറക്കില്ലെന്നും ആരെങ്കിലും ശ്രമിച്ചാല്‍ തീകൊളുത്തി കത്തി ചാമ്പലാക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി. പിന്നീട് സബ്ബ് കളക്ടര്‍ വി.ആര്‍. പ്രേംകുമാര്‍, മാനന്തവാടി എഎസപി ജയദേവ്, എസ്‌ഐ എം.കെ സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സമരക്കാരുമായി ചര്‍ച്ച നടത്താന്‍ ശ്രമിച്ചെങ്കിലും മുറി തുറക്കാന്‍ തയ്യാറായില്ല. പട്ടയം നല്‍കാനുള്ള തീരുമാനം സബ്ബ് കള്കടര്‍ രേഖാമൂലം എഴുതിനല്‍ണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.
ഇതിനിടെ അഗ്‌നിശമന വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഓഫീസും പരിസരവും വെള്ളമൊഴിച്ച് അപകടസാധ്യത കുറക്കാനുള്ള നീക്കം നടത്തി. ഒടുവിലാണ് ക്യാബിന്‍ പൊളിച്ച് സമരക്കാരെ പിടികൂടിയത്. സമര നേതാക്കളായ ടി.ജെ. ടോമി, ബെന്നിചെറിയാന്‍ എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 40 വര്‍ഷമായി കൈവശംവച്ച് കൃഷി ചെയ്യുന്ന ഭൂമിക്ക് പട്ടയം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.
തവിഞ്ഞാല്‍ പഞ്ചായത്തിലെ ആറാം വാര്‍ഡിലെ കൈതക്കൊല്ലി, മക്കിമല പ്രദേശങ്ങളിലെ 97/1B1,90/1B1,68/1B തുടങ്ങിയ സര്‍വ്വേ നമ്പറുകളില്‍ വ്യാപിച്ചുകിടക്കുന്ന ഭൂമിക്കാണ് പട്ടയം ലഭിക്കാത്തത്. ഈ വിഷയം ഉന്നയിച്ച് മാസങ്ങള്‍ക്ക് മുമ്പ് വാവച്ചന്‍ എന്നയാള്‍ താലൂക്ക് ഓഫിസിനു മുന്നിലെ വാകമരത്തില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു. ഒരു മാസത്തിനകം കൈവശക്കാര്‍ക്ക് പട്ടയം നല്‍കുമെന്നു രേഖാമൂലം ഉറപ്പു നല്‍കിയ ശേഷമാണ് വാവച്ചന്‍ മരത്തില്‍ നിന്നിറങ്ങിയത്.
















