തിരുവനന്തപുരം: വന്‍കിട പദ്ധതികളുമായി ബന്ധപ്പെട്ട അഴിമതികളില്‍ ഇനി പരാതികള്‍ സ്വീകരിക്കില്ലെന്ന വിവാദ ഉത്തരവുമായി വിജിലന്‍സ്. ഹൈക്കോടതിയില്‍നിന്ന് തുടര്‍ച്ചയായി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന സാഹചര്യത്തിലാണ് ഉത്തരവ്.
തിരുവനന്തപുരം വിജിലന്‍സ് ആസ്ഥാനത്തെ നോട്ടീസ് ബോര്‍ഡില്‍ പതിച്ച ഈ അറിയിപ്പ് വിവാദമായതോടെ ഇളക്കി മാറ്റി. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് രാവിലെ നോട്ടീസ് പതിച്ചതെന്നാണ് സൂചന. വിവാദമായതോടെ നോട്ടീസ് ഉച്ചയോടെ നീക്കം ചെയ്തു. ഉത്തരവിനെക്കുറിച്ച് തനിക്കറിയില്ലെന്നും ഇതൊക്കെ വിശദമായി പരിശോധിക്കേണ്ട വിഷയമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
സംസ്ഥാനത്ത് വിജിലന്‍സ് രാജാണോ എന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ചോദിച്ചിരുന്നു. ഹൈക്കോടതിയുടെ ചോദ്യത്തിലുള്ള അതൃപ്തിയാണ് വിജിലന്‍സ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതിനു പിന്നിലെന്നാണ് ആക്ഷേപം. ഇന്നലെ രാവിലെ 11 മണിയോടെയാണ് ഉദ്യോഗസ്ഥര്‍ നോട്ടീസ് പതിച്ചത്. കഴിഞ്ഞ ദിവസം ഹൈക്കോടതി പരിഗണിച്ച കേസിന്റെ നമ്പറും നോട്ടീസില്‍ പതിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ വിവരമറിഞ്ഞെത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ നോട്ടീസ് ഇളക്കിമാറ്റുകയായിരുന്നു.
രാഷ്‌ട്രീയം കളിക്കാനുള്ള വേദിയല്ല കോടതികളെന്നും സര്‍ക്കാര്‍ മാറുമ്പോള്‍ വിജിലന്‍സിന്റെ നിലപാടുകള്‍ മാറുന്നതെങ്ങനെയെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.
















