കെഎസ്ആര്‍ടിസി തൊഴിലാളികള്‍ കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: സര്‍ക്കാര്‍ നയങ്ങള്‍മൂലം സാമ്പത്തിക പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിയുടെ ബാദ്ധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍ ആവശ്യപ്പെട്ടു.
കെഎസ്ആര്‍ടിസിയുടെ ബാദ്ധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുക, ജീവനക്കാര്‍ക്ക് തൊഴിലും വേതനവും നിഷേധിക്കുന്ന നയം അവസാനിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘ് സെക്രട്ടേറിയറ്റിനുമുന്നിലേക്കു നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നഷ്ടത്തിലാണെന്ന കണക്കുപറഞ്ഞ് ജീവനക്കാരെ ഇനി കബളിപ്പിക്കാന്‍ നോക്കേണ്ടെന്ന് കെഎസ്ടി എംപ്ലോയീസ് സംഘ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എല്‍. രാജേഷ് പറഞ്ഞു. ഇപ്പോള്‍ പ്രവര്‍ത്തന ലാഭത്തിലാണ്. എന്നാല്‍ ആസ്തി വികസനഫണ്ടിന്റെ വായ്‌പ തിരിച്ചടയ്‌ക്കാനാണ് ഈ തുക ഉപയോഗിക്കുന്നത്.
ഈ ബാദ്ധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണം. കെഎസ്ടി എംപ്ലോയീസ് സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍. എല്‍. ബിജുകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ട്രഷറര്‍ എസ്. അജയകുമാര്‍, ഡെപ്യൂട്ടി ട്രഷറര്‍ പ്രദീപ് വി. നായര്‍, ജില്ലാ സെക്രട്ടറി ആര്‍. റജി, ബിഎംഎസ് ജില്ലാ സെക്രട്ടറി മനോഷ്‌കുമാര്‍, ജില്ലാ ഭാരവാഹികളായ ഗോപകല, ടി. സിന്ധു, ടി.പി. വിജയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















