ന്യൂദല്‍ഹി: പ്രധാനമന്ത്രിക്ക് പരാതിക്കത്ത് അയക്കുന്ന പരിപാടിയുടെ ഭാഗമായി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിനെ സമീപിച്ച ഡിവൈഎഫ്‌ഐ നേതാക്കള്‍ പുലിവാലു പിടിച്ചു. പൂനയിലെ ഇന്‍ഫോസിസ് ക്യാമ്പസില്‍ മലയാളി സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ രസീല കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കത്തയക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യാന്‍ കട്ജുവിനെ സമീപിച്ച അഖിലേന്ത്യാ സെക്രട്ടറി മുഹമ്മദ് റിയാസ് അടക്കമുള്ള നേതാക്കളാണ് നാണംകെട്ടത്.
പരാതിക്കത്തിലെ അക്ഷരത്തെറ്റുകളും വ്യാകരണപിശകുകളും ചൂണ്ടിക്കാണ്ടി മിനിറ്റുകളോളം കട്ജു തിരുത്തലുകള്‍ വരുത്തി. പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്യുമ്പോള്‍ ബഹുമാന്യ പ്രധാനമന്ത്രി എന്ന വാക്ക് ചേര്‍ക്കണമെന്ന് ഉപദേശിച്ചു. ഒടുവില്‍ നിങ്ങളുടെ സംഘടന ഏതാണെന്ന ചോദ്യം കൂടി കട്ജു ചോദിച്ചതോടെ നേതാക്കളായെ പരുങ്ങലിലായി. ദൃശ്യമാധ്യമങ്ങള്‍ക്ക് മുന്നില്‍ വെച്ച് നടന്ന സംഭവമായതിനാല്‍ ഏതുവിധേനയും കട്ജുവിന്റെ അടുത്തു നിന്നും രക്ഷപ്പെട്ടാല്‍ മതിയെന്ന അവസ്ഥയിലായി ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷന്‍ റിയാസും സംഘവും.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ സര്‍ എന്നു മാത്രം അഭിസംബോധന ചെയ്താല്‍ പോരെന്നും ഓണറബിള്‍ പ്രൈംമിനിസ്റ്റര്‍ എന്നു തന്നെ വിശേഷിപ്പിക്കണമെന്നും പറഞ്ഞ ജസ്റ്റിസ് കട്ജു, പ്രധാനമന്ത്രിയെ അല്‍പ്പമൊക്കെ ബഹുമാനത്തോടെ അഭിസംബോധന ചെയ്യണമെന്ന ഉപദേശവും നല്‍കി. ഓണറബിളിന്റെ സ്‌പെല്ലിംഗുകളില്‍ പിശക് കണ്ടതോടെ അതും കട്ജു തിരുത്തി. സുപ്രീംകോടതിയിലെ ഒരു അഭിഭാഷകനൊപ്പമാണ് ഡിവൈഎഫ്‌ഐ നേതാക്കള്‍ കട്ജുവിനെ കാണാനെത്തിയത്. ഇത്രയും തെറ്റുവരുത്തിയ നിങ്ങള്‍ എന്റെ ജൂനിയര്‍ ആയിരുന്നെങ്കില്‍ ശരിയാക്കിയേനെ എന്നും കട്ജു പരിഹസിച്ചു.
ഏറ്റവുമവസാനമാണ് നിങ്ങളുടെ സംഘടന ഏതാണെന്ന ചോദ്യം കട്ജു ചോദിച്ചത്. എന്ത് സംഘടനയാണ് നിങ്ങളുടേത്. യുവാക്കളുടെ സംഘടനയാണെന്ന് പറഞ്ഞപ്പോള്‍ അഖിലേന്ത്യാ സംഘടനയാണോ എന്ന് അടുത്ത ചോദ്യം. ഡിവൈഎഫ്‌ഐ എന്നു കട്ജു കേട്ടിട്ടുകൂടിയില്ലെന്ന് വ്യക്തമായതോടെ എങ്ങനെയെങ്കിലും അവിടെ നിന്നും കടന്നുപോകാനുള്ള ശ്രമത്തിലായി ഡിവൈഎഫ്‌ഐ നേതാക്കള്‍. കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ നടന്ന സംഭവം സാമൂഹ്യമാധ്യമങ്ങളിലും ചര്‍ച്ച ആയി.
















