മുംബൈ: 257 പേരുടെ മരണത്തിനിടയാക്കിയ മുംബൈ സ്‌ഫോടന പരമ്പരയിലെ പ്രതികളില്‍ അബു സലീമും മുസ്തഫ ദോസയുമടക്കം ആറുപേര്‍ കുറ്റക്കാരാണെന്ന് പ്രത്യേക ടാഡാ കോടതി വിധിച്ചു. ആറുപേര്‍ക്കും, പ്രതിഭാഗത്തിന്റെ അന്തിമ വാദം കേട്ടതിനു ശേഷം ശിക്ഷ വിധിക്കും. ഒരാളെ വെറുതെ വിട്ടു. ജൂണ്‍ 19ന് കേസ് വീണ്ടും പരിഗണിക്കും.
അബു സലിം, മുസ്തഫ ദോസ, ഫിറോസ് ഖാന്‍, താഹര്‍ മര്‍ച്ചന്റ്, കരിമുള്ള ഖാന്‍, റിയാസ് സിദ്ദിഖി എന്നിവരെയാണ് കുറ്റക്കാരെന്ന് ജഡ്ജി ഗോവിന്ദ് എ. സനാപ് വിധിച്ചത്. അബ്ദുള്‍ ഖയൂം ഷെയിഖിനെ വെറുതെ വിട്ടു. അബു സലിം, മുസ്തഫ ദോസ, ഫിറോസ് ഖാന്‍, താഹര്‍ മര്‍ച്ചന്റ്, കരിമുള്ള ഖാന്‍ എന്നിവര്‍ക്ക് വധശിക്ഷ ലഭിച്ചേക്കാം.
ഗൂഢാലോചനക്കുറ്റം തെളിയാത്തതിനാല്‍ റിയാസ് സിദ്ദിഖിക്ക് ജീവപര്യന്തം തടവിനേ സാധ്യതയുള്ളൂ.
1993 മാര്‍ച്ച് 12ന് പന്ത്രണ്ടിടത്താണ് സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്തത്. 713 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 2006ല്‍ അവസാനിച്ച ആദ്യ ഘട്ട വിചാരണയില്‍ 100 പേര്‍ കുറ്റക്കാരാണെന്നു കണ്ട് ശിക്ഷ വിധിച്ചിരുന്നു. 2006നും 2010നും ഇടയില്‍ അറസ്റ്റിലായവരുടെ വിചാരണ പ്രത്യേകമായി നടത്തണമെന്ന സിബിഐ പ്രത്യേക അഭിഭാഷകന്‍ ദീപക് സാല്‍വിയുടെ ആവശ്യം പരിഗണിച്ചാണ് ഏഴു പേരുടെ വിചാരണ രണ്ടാംഘട്ടമാക്കിയത്.
അയോധ്യയിലെ തര്‍ക്കമന്ദിരം തകര്‍ത്തതിനുള്ള പ്രതികാരമായി സ്‌ഫോടനങ്ങള്‍ നടത്തി എന്നാണ് കേസ്. 2011ലാണ് ഈ ഏഴു പേരുടെ വിചാരണ ആരംഭിച്ചത്. ഇന്നലത്തെ വിധിയോടെ കേസില്‍ ഇതുവരെ അറസ്റ്റിലായ എല്ലാ പ്രതികളുടേയും നിയമനടപടികള്‍ പൂര്‍ത്തിയായി.
അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം, സഹോദരന്‍ അനീസ് ഇബ്രാഹിം, മുസ്തഫ ദോസയുടെ സഹോദരന്‍ മുഹമ്മദ് ദോസ, ടൈഗര്‍ മേമന്‍ തുടങ്ങി 32 പേരെയാണ് ഇനി പിടികൂടാനുള്ളത്. ദുബൈയില്‍ നിന്ന് ആയുധങ്ങള്‍ മുംബൈയില്‍ എത്തിച്ചതിന് അറസ്റ്റിലായ അബ്ദുള്‍ ഖയൂം ഷെയിഖിനെയാണ് വെറുതെ വിട്ടത്.
















