കൊച്ചി : സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിലെ നൃത്ത മത്സരത്തിന്റെ വിധി നിര്‍ണയത്തില്‍ അപാകതയുണ്ടെങ്കില്‍ വിധി കര്‍ത്താക്കള്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാവുമോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.
വിധികര്‍ത്താക്കള്‍ എങ്ങനെയാണ് പൊതു സേവകരുടെ പരിധിയില്‍ വരുന്നതെന്ന് ചോദിച്ച സിംഗിള്‍ബെഞ്ച് ഇക്കാര്യത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ഡിവൈഎസ്പി രണ്ടാഴ്ചയ്‌ക്കുള്ളില്‍ വിശദീകരണം നല്‍കാനും നിര്‍ദ്ദേശിച്ചു. പൊതുജന സേവകരുടെ പരിധിയില്‍ വരില്ലെന്നാണ് റിപ്പോര്‍ട്ടെങ്കില്‍ ഡിവൈഎസ്പിക്കെതിരെ നടപടി വേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കി.
മാര്‍ക്കിട്ടതിന് സര്‍ക്കാരില്‍ നിന്ന് പ്രതിഫലം കൈപ്പറ്റിയതു കൊണ്ടാവും ഇവരെ പൊതു സേവകരുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയത്.
സര്‍ക്കാരില്‍ നിന്ന് പണം വാങ്ങിയതുകൊണ്ടു മാത്രം പൊതു സേവകരുടെ പരിധിയില്‍ വരില്ല. ഔദ്യോഗിക ജോലിയുടെയോ സേവനത്തിന്റെയോ പ്രതിഫലമായി സര്‍ക്കാരില്‍ നിന്ന് പണം കൈപ്പറ്റുന്നവരാണ് ഈ നിര്‍വചനത്തില്‍ വരുന്നത്. വിധി കര്‍ത്താക്കള്‍ക്ക് തുക നല്‍കിയത് ഏതു സാഹചര്യത്തിലാണെന്നു വ്യക്തമാക്കുന്ന തെളിവുകള്‍ സഹിതം ഡിവൈഎസ്പി റിപ്പോര്‍ട്ട് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
വിധി നിര്‍ണയത്തിലെ പോരായ്‌മയുടെ പേരില്‍ വിധികര്‍ത്താക്കള്‍ക്കും നൃത്താദ്ധ്യാപകനായ തനിക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതിനെതിരെ അന്‍ഷാദ് അസീസ് നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്.
















