കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനിസഭാ മാനേജിങ് കമ്മറ്റി അംഗങ്ങള്‍, വൈദീക ട്രസ്റ്റി, അത്മായ ട്രസ്റ്റി എന്നിവരുടെ തെരഞ്ഞെടുപ്പിനുള്ള മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗം മാര്‍ച്ച് ഒന്നിന് കോട്ടയത്ത് നടക്കുമെന്ന് സ്വാഗതസംഘം പ്രസിഡന്റ് യൂഹാനോന്‍ മാര്‍ ദിയസ് കോറസ് മെത്രാപ്പോലീത്താ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇന്ത്യക്കകത്തും വിദേശത്തുമുളള വിവിധ 30 ഭദ്രാസനങ്ങളില്‍പ്പെട്ട പളളികളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട അയ്യായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും.
അടുത്ത അഞ്ച് വര്‍ഷത്തേക്കുളള വിവിധ സഭാഭാരവാഹികളെ യോഗത്തില്‍ തെരഞ്ഞെടുക്കും. മാനേജിങ് കമ്മിറ്റിയിലേക്ക് 47 വൈദികരും 94 അയ്‌മേനികളും ഉള്‍പ്പെടെ 141 അംഗങ്ങളെയാണ് തെരഞ്ഞെടുക്കുന്നത്. വൈദിക ട്രസ്റ്റി സ്ഥാനത്തേക്ക് ഫാ. എം.ഒ ജോണ്‍, ഫാ. ജോണ്‍സ് ഏബ്രഹാം കേനാട്ട്, റവ.ജോസഫ് സാമുവേല്‍ കോര്‍ എപ്പിസ്‌കോപ്പായും ആത്മായ ട്രസ്റ്റി സ്ഥാനത്തേക്ക് ജോര്‍ജ് പോളും, റോയ്.എം. മാത്യൂ മുത്തൂറ്റും ആണ് മത്സരിക്കുന്നത്. ബുധനാഴ്‌ച്ച കോട്ടയം എംഡി സെമിനാരി മാര്‍ ഏലിയാ കത്തീഡ്രല്‍ അങ്കണത്തിലാണ് തെരഞ്ഞെടുപ്പ്. രാവിലെ ഒമ്പതിന് പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍.
ഒരു മണിക്ക് നടക്കുന്ന യോഗത്തില്‍ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിക്കും. കെ.റ്റി. ചാക്കോയാണ് വരണാധികാരി. രഹസ്യബാലറ്റിലൂടെയുള്ള തെരഞ്ഞെടുപ്പിന് 43 ബൂത്തുകള്‍ ക്രമീകരിച്ചിട്ടുണ്ട്. വൈകിട്ടോടെ ഫലം പ്രഖ്യാപിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സഭാ സെക്രട്ടറി ജോര്‍ജ് ജോസഫ്,ഫാ.മോഹന്‍ ജോസഫ്,പി.സി ഏലിയാസ്,എ.കെ ജോസഫ്, രഞ്ജു മാത്യൂ എന്നിവരും പങ്കെടുത്തു.
















