കൊച്ചി: മരിച്ചു പോയവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്ന വ്യക്തി കോടതിയില്‍ നേരിട്ട് ഹാജരായി താന്‍ വോട്ടു ചെയ്‌തെന്ന് വ്യക്തമാക്കി. അഹമ്മദ് കുഞ്ഞിയെന്ന വോട്ടറാണ് ഇന്നലെ കോടതിയില്‍ ഹാജരായത്. മഞ്ചേശ്വരത്തെ പി.ബി. അബ്ദുള്‍ റസാഖിന്റെ തെരഞ്ഞെടുപ്പു റദ്ദാക്കാന്‍ ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയിലെ വാദത്തിനിടെയാണ് ‘പരേതന്‍’ കോടതിയിലെത്തിയത്.
മരിച്ചുപോയവരുടെ പട്ടികയിലാണ് അഹമ്മദ് കുഞ്ഞിയെ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, തന്റെ പേരില്‍ കള്ളവോട്ട് നടന്നെന്ന ആരോപണം തെറ്റെന്നും താന്‍ വോട്ടു രേഖപ്പെടുത്തിയിരുന്നെന്നും ഹൈക്കോടതിയിലെത്തി അഹമ്മദ് കുഞ്ഞി വ്യക്തമാക്കി. കള്ളവോട്ടു നടന്നെന്ന ആരോപണത്തെത്തുടര്‍ന്ന് 259 വോട്ടര്‍മാര്‍ക്ക് നേരിട്ട് ഹാജരാകുന്നതിന് സമന്‍സ് നല്‍കാന്‍ ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.
















