സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ വെബ് സൈറ്റ് ഉദ്ഘാടനം ചെയ്ത ശേഷം
കേന്ദ്ര സഹമന്ത്രി വിജയ് ഗോയല്‍ സംസാരിക്കുന്നു
കോഴിക്കോട്: എട്ടു വയസ്സിനു മുകളിലുള്ള കായിക തത്പരരായ പുതിയ തലമുറയ്‌ക്ക് വര്‍ഷത്തില്‍ അഞ്ചു ലക്ഷം രൂപ സ്‌കോളര്‍ഷിപ്പ് നല്‍കുമെന്നു കേന്ദ്ര യുവജന ക്ഷേമ, കായിക സഹമന്ത്രി വിജയ് ഗോയല്‍.
സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) വഴിയാണു സ്‌കോളര്‍ഷിപ്പിനുള്ള യുവാക്കളെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുക്കുന്നതിനായി പ്രത്യേക പോര്‍ട്ടലും കേന്ദ്ര കായിക വകുപ്പ് തയാറാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘യൂത്ത് ഇന്ത്യ വിഷന്‍ 2020’ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കായികരംഗത്ത് മാറ്റം കൊണ്ടുവരാനാണു മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനസംഖ്യയില്‍ 65 ശതമാനവും യുവാക്കളാണ്. തീവ്രവാദ-മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളിലേക്ക് തിരിയാതെ യുവസമൂഹം സമൂഹത്തിന് വഴികാട്ടണം. മോദി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ രാജ്യത്ത് വലിയ മാറ്റങ്ങളാണുണ്ടാകുന്നത്.
2025 ഓടെ സാമ്പത്തിക ശക്തിയില്‍ ഇന്ത്യ ലോകത്ത് നാലാം സ്ഥാനത്തെത്തുമെന്നും അദ്ദേഹം പറഞ്ഞു. എം.കെ. രാഘവന്‍ എംപി അധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം വി. മുരളീധരന്‍, എം. അനില്‍കുമാര്‍, ഡോ. അമൃത് ജി. കുമാര്‍, പി.വി. വത്സരാജ് എന്നിവര്‍ പ്രസംഗിച്ചു.
















