കോഴിക്കോട്: മലപ്പുറം ജില്ലയിലെ വാഴക്കാട്ടെ 17 മുസ്ലീം പള്ളികളില്‍ ഉച്ചഭാഷിണി മുഖേനയുള്ള ബാങ്ക് വിളിയില്‍ നിയന്ത്രണം വരുന്നു. ശബ്ദമലിനീകരണം മൂലം വന്‍ തോതിലുള്ള പരാതികളും വിവാദങ്ങളും ഉയര്‍ന്ന സാഹചര്യത്തിലാണ് നിയന്ത്രണം.
ഉയരത്തിലുള്ളതും കബര്‍സ്ഥാന്‍ ഉള്ളതും ഏറ്റവും പഴക്കം ചെന്നതുമായ വലിയ ജുമാ മസ്ജിദില്‍ നിന്ന് മാത്രം ഉച്ചഭാഷിണി മുഖേന ബാങ്ക് വിളിച്ചാല്‍ മതിയെന്ന് മഹല്ലിലെ വിവിധ സംഘടന നേതാക്കളുടെ യോഗം തീരുമാനിച്ചു. ബാങ്കിന്റെ സമയക്രമീകരണത്തിനായി സബ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
നിയന്ത്രണപ്രകാരം വലിയ ജുമാ മസ്ജിദില്‍ നിന്ന് ദിവസത്തില്‍ ഒരു നേരം മാത്രമായിരിക്കും ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിയുണ്ടാകുക. പ്രദേശത്തെ 17 മറ്റ് പള്ളികള്‍ ഉച്ചഭാഷിണിയില്ലാതെ ബാങ്ക് വിളി ആവര്‍ത്തിക്കും. വാഴക്കാട് ജംഗ്ഷനില്‍ മാത്രം ഏഴ് പള്ളികളാണുള്ളത്. മറ്റ് പത്ത് പള്ളികളാകട്ടെ പ്രദേശത്തെ ഏതാനം കിലോമീറ്ററുകള്‍ക്കുള്ളിലാണ് സ്ഥിതി ചെയ്യുന്നത്.
ഒന്നിലധികം തവണ ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളി ഉയരുന്നത് പ്രദേശത്തെ വിദ്യാലയങ്ങളുള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിയന്ത്രണം കൊണ്ടു വന്നത്.
















