അമ്പലപ്പുഴ: നടിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയുടെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് സിംകാര്‍ഡും പെന്‍ഡ്രൈവും പോലീസ് കണ്ടെടുത്തു. അമ്പലപ്പുഴ കാക്കാഴത്തെ സുഹൃത്ത് മനുവിന്റെ വീട്ടില്‍ സുനിയെ എത്തിച്ച് തെളിവെടുപ്പ് നടത്തുമ്പോഴാണ് ഒരു സിം കാര്‍ഡും പെന്‍ഡ്രൈവും കണ്ടെത്തിയത്.
ഇന്നലെ ഉച്ചയ്‌ക്ക് 12.30നാണ് വന്‍ പോലീസ് സന്നാഹത്തോടെ സുനിയെ കാക്കാഴത്ത് കൊണ്ടുവന്നത്. സംഭവ ദിവസം പണം വാങ്ങാനാണ് സുനി മനുവിന്റെ വീട്ടില്‍ എത്തിയത്. ഇവിടെ വന്ന സുനി തന്റെ മറ്റൊരു സുഹൃത്ത് അന്‍വറിനെ മനുവിന്റെ വീട്ടില്‍ വിളിച്ച് വരുത്തുകയായിരുന്നു.
മൂവരും മനുവിന്റെ വീട്ടില്‍ ഇരിക്കുമ്പോള്‍ നടിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രധാന പ്രതിയെന്ന് കാണിച്ച് ടെലിവിഷന്‍ ചാനലുകളില്‍ സുനിയുടെ ചിത്രം കാണിച്ചു. ഇതോടെ ബന്ധുക്കളുടെ നിര്‍ദ്ദേശ പ്രകാരം സുനിയെ മനു പറഞ്ഞു വിടുകയായിരുന്നുവെന്നാണ് മൊഴി. മനുവിന്റെ അമ്മയും സഹോദരിയും സുനിയെ തിരിച്ചറിഞ്ഞു.
ഇതിനിടെ തന്റെ മൊബൈല്‍ ഫോണ്‍ അഴിക്കാനായി സുനി പിന്‍ ആവശ്യപ്പെട്ടതായി മനുവിന്റെ സഹോദരി പറഞ്ഞു. പിന്‍ ഇല്ലെന്നു പറഞ്ഞപ്പോള്‍ ഈര്‍ക്കില്‍ വാങ്ങി സുനി കടപ്പുറത്ത് പോയി മൊബൈല്‍ ഫോണ്‍ അഴിച്ചു. രണ്ടായിരം രൂപ സുനി ചോദിച്ചെങ്കിലും കയ്യിലില്ലാതിരുന്നതിനാല്‍ കൊടുത്തില്ലെന്നും മനുവിന്റെ ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. ഇതിനു മുമ്പ് മനുവിന്റെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സുനി ഇവിടെ എത്തിയിട്ടുണ്ട്. കയ്യില്‍ വിലങ്ങ് അണിയിച്ച നിലയിലാണ് സുനിയെ തെളിവെടുപ്പിന് എത്തിച്ചത്. ഇയാളെ കാണാനായി വന്‍ ജനക്കൂട്ടവും എത്തിയിരുന്നു.
















