കട്ടപ്പന: ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെ ഒപ്പം പഠിച്ച വിദ്യാര്‍ത്ഥിനിയോട് സംസാരിച്ചതിന് പതിനേഴുകാരന് ക്രൂരമര്‍ദനം. ഈട്ടിത്തോപ്പ് സ്വദേശിക്കാണ് മര്‍ദ്ദനമേറ്റത്. ഇരട്ടയാര്‍ ദീപ്തി കോളജിലെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥി തയ്‌ക്കാന്‍ കൊടുത്ത പാന്റ്‌സ് വാങ്ങുവാന്‍ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുംവഴിയായിരുന്നു സംഭവം.
സഹപാഠിയും ഒരേ കോളേജിലെ വിദ്യാര്‍ത്ഥിനിയുമായ പെണ്‍ സുഹൃത്തിനോട് പരീക്ഷയെക്കുറിച്ച് സംസാരിക്കുന്നതിനിടെ സ്ഥലത്തെത്തിയ ശൗര്യാംകുഴിയില്‍ ഷാജി എന്നയാളാണ് പെണ്‍കുട്ടിയെ പറഞ്ഞുവിട്ട ശേഷം രാഹുലിനെ മര്‍ദ്ദിച്ചതെന്നാണ് പരാതി. തലക്കും മുഖത്തിനും മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയെ ഇയാള്‍ നിലത്തിട്ട് ചവിട്ടിയതായും പരാതിയില്‍ പറയുന്നു.
വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. പരീക്ഷയെപറ്റി മാത്രമാണ് സംസാരിച്ചതെന്നും ഷാജി എന്നയാള്‍ സ്ഥലത്തെത്തി തന്നെ വീട്ടിലേക്ക് പറഞ്ഞു വിടുകയുമായിരുന്നെന്നും പെണ്‍കുട്ടി പറഞ്ഞു. അവശനിലയില്‍ വീട്ടിലെത്തിയ വിദ്യാര്‍ത്ഥിയെ നെടുംകണ്ടത്തെ താലൂക്ക് ആശുപതിയില്‍ എത്തിക്കുകയും പിന്നീട് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ ചൈല്‍ഡ് ലൈന്‍ ഷാജിക്കെതിരെ കേസെടുത്തു.
















