അമ്പലപ്പുഴ: അമ്പലപ്പുഴ ഗവ. മോഡല്‍ സ്‌കൂളില്‍ ഉച്ചക്കഞ്ഞി വിതരണത്തില്‍വെട്ടിപ്പു നടന്നതായി പരാതി. കാക്കാഴം സ്വദേശി താഴ്ചയില്‍ നസീറാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്.
പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വിജിലന്‍സ് സ്‌കൂളിലും സമീപത്തെ മില്‍മ സൊസൈറ്റിയിലും പരിശോധന നടത്തി. സ്‌കൂളിലെ അഞ്ചു മുതല്‍ എട്ടു വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചക്കഞ്ഞി നല്‍കുവാന്‍ ഒരു കുട്ടിക്ക് എഴു രൂപാ വീതമാണ് സര്‍ക്കാര്‍ നല്‍കി വരുന്നത്.
ഇതിന്‍ പ്രകാരം 506 വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കി വരുന്നതായാണ് സ്‌കൂള്‍ രേഖകളില്‍ കാണിച്ചിരിക്കുന്നത്. ഒരു കുട്ടിക്ക് 150 മില്ലി പാല്‍ വീതം ആഴ്ചയില്‍ രണ്ട് ദിവസവും മുട്ട ഒരുദിവസവും നല്‍കുന്നതായി രേഖകളില്‍ കാണിക്കുന്നു.
എന്നാല്‍ 200 കുട്ടികളില്‍ താഴെ മാത്രമാണ് സ്ഥിരമായി ഉച്ചഭക്ഷണം കഴിക്കുന്നതെന്നും സമീപത്തെ ക്ഷീര ഉല്‍പാദക സംഘത്തില്‍ നിന്ന് ആഴ്ചയില്‍ 30 ലിറ്റര്‍ പാലും കടയില്‍ നിന്ന് 100 മുട്ടയും മാത്രമാണ് വാങ്ങുന്നതെന്നും കാണിച്ചാണ് നസീര്‍ പരാതി നല്‍കിയത്.
ഇതിനു പുറമെ ഇതുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ക്ക് വിവരാവകാശവും നല്‍കിയിരുന്നു. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ നല്‍കിയ വിവരാവകാശ രേഖയില്‍ പാല്‍ വാങ്ങിയത് സംബന്ധിച്ച് നല്‍കിയ രേഖകള്‍ വ്യാജമായിരുന്നു.
മൂന്ന് വര്‍ഷം മുമ്പ് കമ്പ്യൂട്ടര്‍ ബില്ലുകള്‍ മാത്രം നല്‍കിയിരുന്ന ക്ഷീരസംഘത്തിന്റെ പേരില്‍ സ്‌കൂള്‍ അധികൃതര്‍ നല്‍കിയത് കാലിത്തീറ്റ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന പേപ്പര്‍ ബില്ലുകളായിരുന്നു.
ഇത്തരം വെട്ടിപ്പുകള്‍ ചൂണ്ടിക്കാട്ടി വിജിലന്‍സ് ഡയറക്ടര്‍ക്ക് നസീര്‍ നേരിട്ട് പരാതി നല്‍കി.
ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് സ്‌കൂളിലും സമീപത്തെ ക്ഷീരസംഘത്തിലും പരിശോധന നടത്തിയത്.
കഴിഞ്ഞ കുറേ നാളുകളായി ശുചിത്വമില്ലാത്ത ഉച്ചഭക്ഷണമാണ് സ്‌കൂളില്‍ വിതരണം ചെയ്യുന്നതെന്നും രക്ഷകര്‍ത്താക്കളും ആരോപിച്ചിരുന്നു.
















