ഷൂട്ടിങ് ലോകകപ്പില്‍ 50 മീറ്റര്‍ പിസ്റ്റള്‍ ഇനത്തില്‍ ലോകറെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടിയ ഇന്ത്യയുടെ ജിത്തു റായ് (മധ്യത്തില്‍), വെള്ളി നേടിയ അമന്‍പ്രീത് സിങ് (ഇടത്ത്) വെങ്കലം നേടിയ ഇറാന്റെ വാഹിദ് എന്നിവര്‍ക്കൊപ്പം
ന്യൂദല്‍ഹി: ലോകകപ്പ് ഷൂട്ടിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൂപ്പര്‍താരം ജിത്തു റായിക്ക് സ്വര്‍ണ്ണം. പുരുഷന്മാരുടെ 50 മീറ്റര്‍ പിസ്റ്റള്‍ ഇനത്തില്‍ 230.1 പോയിന്റ് നേടി ലോകറെക്കോര്‍ഡോടെയാണ് ജിത്തു പൊന്നണിഞ്ഞത്.
ഇന്ത്യയുടെ തന്നെ അമന്‍പ്രീത് സിങ് 226.9 പോയിന്റ് നേടി വെള്ളിയും നേടി. 208 പോയിന്റുമായി ഇറാന്റെ വാഹിദ് ഗോള്‍ഗാന്‍ഡന്‍ വെങ്കലം നേടി. ഇന്നലെ ആദ്യ രണ്ട് റൗണ്ട് കഴിഞ്ഞപ്പോള്‍ ആറാമതായിരുന്ന ജിത്തു പിന്നീട് തകര്‍പ്പന്‍ ഫോമിലേക്ക് ഉയരുകയായിരുന്നു.
കഴിഞ്ഞ ദിവസം 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കലവും ഹീന സിദ്ദുവുമൊത്ത് മിക്‌സഡ് ടീം എയര്‍ പിസ്റ്റള്‍ ഇനത്തില്‍ ജിത്തു സ്വര്‍ണ്ണവും നേടിയിരുന്നു. 2014ലെ മാരിബോര്‍ ലോക കപ്പില്‍ ജിത്തു ഈയിനത്തില്‍ വെള്ളിയും 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സ്വര്‍ണ്ണവും നേടിയിരുന്നു. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ മ്യൂണിക്കില്‍ വെള്ളി നേടി.
അതേവര്‍ഷം ഗ്രനാഡയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ 50 മീറ്റര്‍ പിസ്റ്റളില്‍ വെള്ളിയും നേടിയ ഈ ഇന്ത്യന്‍ സൂപ്പര്‍ താരം 2014ലെ ഗ്ലാസ്‌കോ കോമണ്‍വെല്‍ത്ത് ഗെയിംസിലും ഇഞ്ചിയോണ്‍ എഷ്യന്‍ ഗെയിംസിലും സ്വര്‍ണ്ണം നേടി.
















