ന്യൂദല്‍ഹി: പാക്ക് അധിനിവേശ കശ്മീരിലുള്‍പ്പെടെ ഭീകരരെ നേരിടാന്‍ കരസേന പുതിയ കരുത്തേറിയ ആയുധങ്ങള്‍ വാങ്ങാനൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് അമേരിക്ക, ഇസ്രായേല്‍, സ്വീഡന്‍ എന്നീ രാജ്യങ്ങളുമായി അതീവ രഹസ്യസ്വഭാവമുള്ള ഏഴ് കരാറുകളാണ് ഉണ്ടാക്കിയിരിക്കുന്നത്.
സൈന്യത്തെ മാരക ശേഷിയുള്ളതാക്കി മാറ്റുകയാണ് ലക്ഷ്യം. മെഷീന്‍ തോക്കുകള്‍, റൈഫിളുകള്‍, പിസ്റ്റളുകള്‍, ഭാരം കുറഞ്ഞ, രാത്രിക്കാഴ്ചക്കുള്ള ഉപകരണങ്ങള്‍, റോക്കറ്റ് ലോഞ്ചറുകള്‍, യുദ്ധോപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ 20,000 കോടി രൂപയുടെ രഹസ്യ കരാറിനാണ് ധാരണയായിരിക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
ഹെലിക്കോപ്ടറില്‍ നിര്‍ദ്ദിഷ്ട സ്ഥലത്ത് എത്തിക്കാന്‍ കഴിയുന്ന ഭാരം കുറഞ്ഞ ആക്രമണ വാഹനങ്ങളും വാങ്ങുന്നുണ്ട്.
കരസേനയിലെ ഒന്‍പത് പ്രത്യേക പാരാ സൈനിക വിഭാഗത്തിനും അഞ്ച് പാരാ ( വ്യോമ) വിഭാഗത്തിനും വേണ്ടിയാണിവ. 620 വീതം സൈനികരുള്ള നിരവധി ബറ്റാലിയനുകളാണ് ഈ വിഭാഗങ്ങളില്‍. മിന്നലാക്രമണം പോലെയുള്ള കമാന്‍ഡോ ഓപ്പറേഷനുകള്‍ക്ക് നിയോഗിക്കുന്ന സൈനിക വിഭാഗമാണിത്. 500 പിസ്റ്റളുകള്‍,1120 അസോള്‍ട്ട് റൈഫിള്‍ തുടങ്ങിയവയാണ് വാങ്ങുക.
















