ന്യൂദല്‍ഹി: ജെഎന്‍യുവിലെ തീവ്ര ഇടത് വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളായ ഉമര്‍ ഖാലിദും സംഘവും രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചതിന് വ്യക്തമായ തെളിവുകള്‍ ഉണ്ടെന്ന് ദല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ റിപ്പോര്‍ട്ട്. ഉമര്‍ ഖാലിദിന് പുറമേ അനിര്‍ബന്‍ ഭട്ടാചാര്യ അടക്കം മറ്റ് എട്ടു പേര്‍ക്കെതിരെയാണ് തെളിവുകള്‍ ലഭിച്ചത്.
പാര്‍ലമെന്റാക്രമണ കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനും ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് സ്ഥാപകന്‍ മഖ്ബൂല്‍ ഭട്ടിനും അനുകൂല മുദ്രാവാക്യം വിളിച്ചതായും തെളിവുണ്ട്.
ഉമറിനും അനിര്‍ബനും പുറമേ ജാമിയാ മിലിയ, അലിഗഡ് സര്‍വ്വകലാശാലകളിലെ ഏഴ് കശ്മീരി വിദ്യാര്‍ത്ഥികളും പ്രതികളാണ്.
ഇവര്‍ക്കെതിരെയും ശക്തമായ തെളിവുകള്‍ പോലീസിന് ലഭിച്ചു കഴിഞ്ഞു. അഫ്‌സല്‍ ഗുരുവിനെ കൊലപ്പെടുത്തിയ നീതിന്യായ സംവിധാനമെന്ന് വിമര്‍ശിച്ച് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ പോസ്റ്ററുകള്‍ പതിച്ചതും കശ്മീരിന് സ്വാതന്ത്ര്യം വേണമെന്ന മുദ്രാവാക്യം ഉയര്‍ത്തിയതും തെളിവുകളായിട്ടുണ്ട്. ജെഎന്‍യുവിലെ വിവാദ സംഭവങ്ങളുമായി ബന്ധപ്പെട്ട് നാല്‍പ്പതോളം വീഡിയോ ദൃശ്യങ്ങളാണ് ദല്‍ഹി പോലീസ് സമാഹരിച്ചത്.
അഫ്‌സല്‍ ഗുരുവിനെ രക്തസാക്ഷിയായി വിശേഷിപ്പിച്ച് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ എഐഎസ്എഫ് നേതാവ് കനയ്യ കുമാറുമായി ബന്ധപ്പെട്ട തെളിവുകള്‍ പോലീസിന് ശേഖരിക്കാനായിട്ടില്ല.
സ്വന്തം ലേഖകന്‍
















