ബാഴ്‌സലോണ: സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയുടെ പരിശീലക സ്ഥാനത്തുനിന്ന് ലൂയിസ് ഹെന്റിക്വെ ഒഴിയുന്നു. ഈ സീസണ്‍ അവസാനിക്കുന്നതോടെ ക്ലബ് വിടുമെന്ന് അദ്ദേഹം പറഞ്ഞു. 2014 ലാണ് അദ്ദേഹം ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തത്.
ഇന്നലെ സ്‌പോര്‍ട്ടിങ്ങ് ഗിജോണിനെതിരെ നേടിയ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെയാണ് ഈ സീസണ്‍ അവസാനത്തോടെ ബാഴ്‌സ വിടുമെന്ന് എന്റിക്വെ പ്രഖ്യാപിച്ചത്. ഈ വര്‍ഷം കരാര്‍ അവസാനിക്കാനിരിക്കെയാണ് തീരുമാനം. മൂന്ന് വര്‍ഷത്തെ കരിയറിനിടയില്‍ നിരവധി നേട്ടങ്ങള്‍ സമ്മാനിച്ചാണ് എന്റിക്വെയുടെ മടക്കം.
സ്പാനിഷ് ലീഗില്‍ രണ്ട് കിരീടം. രണ്ട് കിങ്‌സ് കപ്പ്, 2015 ചാമ്പ്യന്‍സ് ലീഗ് എന്നിവ നേടിയത് എന്റിക്വെയുടെ കീഴിലായിരുന്നു. ജെറാഡോ മാര്‍ട്ടിനോ 2014-ല്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് എന്റിക്വെ സ്ഥാനമേറ്റെടുത്തത്. ബാഴ്‌സയുടെ മുന്‍ താരം കൂടിയായ എന്റിക്വെ 1996 മുതല്‍ 2004 വരെ ബാഴ്‌സയ്‌ക്കായി ബൂട്ടണിഞ്ഞു.
2008-ല്‍ ബാഴ്‌സയുടെ ബി ടീം പരിശീലകനായി ചുമതലയേറ്റ എന്റിക്വെ പിന്നീട് റോമ, സെല്‍റ്റാ വിഗോ എന്നീ ടീമുകളെ പരിശീലിപ്പിച്ചശേഷമാണ് ബാഴ്‌സലോണയുടെ സീനിയര്‍ ടീമിന്റെ ചുമതലക്കാരനായത്. എന്റിക്വെയ്‌ക്ക് പകരക്കാരനായി റൊണാള്‍ഡ് കോമാനോയോ ഡന്മാര്‍ക്ക് ഇതിഹാസതാരം മൈക്കല്‍ ലൗഡ്രൂപ്പോ എത്തുമെന്നാണ് സൂചനകള്‍.
















