കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 25 കോടി രൂപയുടെ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോളെജിലെ പൂര്‍വ വിദ്യാര്‍ഥി സംഗമമായ മഹാരാജകീയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
46 കോടി രൂപയുടെ പദ്ധതികള്‍ പരിഗണനയിലാണ്. 29 കോടി രൂപയുടെ പദ്ധതികളും ആലോചനയിലിരിക്കുന്നു. പുതിയ കോഴ്സുകളും കോളേജില്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. രാവിലെ 10ന് ഗാനരചയിതാവ് ആര്‍. കെ. ദാമോദരനും സംഗീതജ്ഞന്‍ ടി. എസ്. രാധാകൃഷ്ണനും ചേര്‍ന്ന് ചിട്ടപ്പെടുത്തിയ സ്വാഗത ഗാനത്തോടു കൂടി മഹാരാജകീയത്തിനു തുടക്കമായി. ഗായകരായ ബിജു നാരായണന്‍, ഗണേശ് സുന്ദരം എന്നിവരുടെ നേതൃത്വത്തിലുളള 101 പേരടങ്ങിയ സംഘമാണ് ഗാനം ആലപിച്ചത്. പൂര്‍വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡന്റ് ജസ്റ്റിസ് പി.എസ്. ഗോപിനാഥ് അധ്യക്ഷത വഹിച്ചു.
സുവനീറിന്റെ പ്രകാശനം മുഖ്യമന്ത്രിക്ക് നല്‍കി മമ്മൂട്ടി നിര്‍വഹിച്ചു. മന്ത്രി ഡോ. ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍, ജസ്റ്റിസ് ഷാജി പി. ചാലി, ജസ്റ്റിസ് അനു ശിവരാമന്‍, ജസ്റ്റിസ് കെ. സുകുമാരന്‍, വയലാര്‍ രവി എം.പി, എം.എല്‍.എമാരായ ഹൈബി ഈഡന്‍, പി.ടി. തോമസ്, ജോണ്‍ ഫെര്‍ണാണ്ടസ്, പ്രൊഫ. എം.കെ. സാനു, വൈക്കം വിശ്വന്‍, ഇന്‍ഫോസിസ് സ്ഥാപകരിലൊരാളായ എസ്. ഡി. ഷിബുലാല്‍, പ്രിന്‍സിപ്പല്‍ പ്രൊഫ. എന്‍.എല്‍. ബീന തുടങ്ങിയവര്‍ പങ്കെടുത്തു.
















