കൊച്ചി: ഇന്ത്യന്‍ ആഴക്കടലുകളില്‍ വിദേശക്കപ്പലുകള്‍ മീന്‍ പിടിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ വിലക്കി. ഇന്ത്യന്‍ മത്സ്യബന്ധന മേഖലയ്‌ക്ക് വമ്പിച്ച നേട്ടമാണ് ഉത്തരവ്. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയോഗിച്ച മീനാകുമാരി കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശ തള്ളിയാണ് പുതിയ തീരുമാനം. മോദി സര്‍ക്കാര്‍ നിയോഗിച്ച അയ്യപ്പന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര കൃഷി-ഫിഷറീസ് മന്ത്രാലയം ഉത്തരവിറക്കിയത്.
കേന്ദ്ര ഫിഷറീസ് വകുപ്പില്‍ നിന്ന് ലെറ്റര്‍ ഓഫ് പെര്‍മിഷന്‍ (എല്‍ഒപി) എന്ന അനുമതി പത്രം നേടി, വിദേശ കപ്പലുകള്‍ക്ക് ഇന്ത്യന്‍ ആഴക്കടലതിര്‍ത്തിയില്‍ 200 നോട്ടിക്കല്‍ മൈല്‍ വരെ മീന്‍പിടിക്കാന്‍ കഴിയുമായിരുന്നു. 2014 നവംബര്‍ 12 ലെ ഉത്തരവ് പ്രകാരമായിരുന്നു ഇത്. മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തില്‍ യുപിഎ സര്‍ക്കാര്‍ നിയോഗിച്ച മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശ പ്രകാരമായിരുന്നു നടപടി. ഈ ഉത്തരവ് ഇന്ത്യന്‍ മത്സ്യസമ്പത്തിനെയും മീന്‍പിടിത്തത്തൊഴിലാളികളെയും ബാധിക്കുമെന്ന് മനസിലാക്കി മോദി സര്‍ക്കാര്‍ അയ്യപ്പന്‍ കമ്മിറ്റിയെ പ്രശ്‌നം പഠിക്കാന്‍ നിയോഗിച്ചു. കമ്മിറ്റി നിര്‍ദ്ദേശപ്രകാരമാണ് പഴയ ഉത്തരവ് റദ്ദാക്കിയത്.
യുപിഎ സര്‍ക്കാര്‍ 2014 പൊതു തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് കടല്‍സമ്പത്ത് വിദേശികള്‍ക്ക് തീറെഴുതുന്ന തരത്തിലുള്ള റിപ്പോര്‍ട്ട് അംഗീകരിച്ചത്. റിപ്പോര്‍ട്ടു നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനമെടുത്താണ് പൊതു തെരഞ്ഞെടുപ്പിനു പോയത്. തീരുമാനത്തിനു പിന്നില്‍ അന്ന് വലിയ സാമ്പത്തിക ഇടപാട് ആരോപിച്ചിരുന്നു. നടപടി മോദി സര്‍ക്കാറിന്റെ കുറ്റമായി രാജ്യമെമ്പാടും മത്സ്യബന്ധന തൊഴിലാളി സംഘടനകളും ചില മാദ്ധ്യമങ്ങളും പ്രചാരണം നടത്തി. തുടര്‍ന്ന് പുതിയ പഠനത്തിന് കേന്ദ്രസര്‍ക്കാര്‍ അയ്യപ്പന്‍ കമ്മിറ്റിയെ നിയോഗിച്ചു. റിപ്പോര്‍ട്ടു കിട്ടിയ ഉടന്‍ മുന്‍ ഉത്തരവ് റദ്ദാക്കി വിദേശകപ്പലുകള്‍ വിലക്കുന്ന തീരുമാനമെടുക്കുകയായിരുന്നു.
















