കൊച്ചി: മഹാരാജാസ് കോളേജില്‍ പ്രിന്‍സിപ്പാളിന്റെ കസേര കത്തിക്കാനിടയായ സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ എസ്എഫ്‌ഐയെ പരോക്ഷമായി വിമര്‍ശിച്ചു. മഹാരാജാസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം മഹാരാജകീയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ സംഭവത്തില്‍ അധ്യാപകരേയും മുഖ്യമന്ത്രി പരോക്ഷമായി വിമര്‍ശിച്ചു. എന്തിനോടും മുട്ടി നോക്കാന്‍ ചോരത്തിളപ്പുളളവരാണ് വിദ്യാര്‍ത്ഥികള്‍. അധ്യാപകരാകട്ടെ മുതിര്‍ന്നവര്‍ എന്ന നിലയില്‍ സംയമനം പാലിച്ച് വിദ്യര്‍ത്ഥികള്‍ തെറ്റിലേക്ക് പോകാതിരിക്കാന്‍ വഴികാട്ടേണ്ടവരുമാണ്. ക്യാമ്പസുകളില്‍ രാഷ്‌ട്രീയം അനിവാര്യമാണ്. എന്നാല്‍ കലാലയങ്ങളെ രാഷ്‌ട്രീയ സംഘര്‍ഷത്തിനുളള വേദിയാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാനവികതയുടെ മഹാവിളംബരമാണ് മഹാരാജാസ് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ ഒരുമിക്കുന്ന മഹാരാജകീയമെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചു. എലിമെന്ററി സ്‌കൂളായി തുടങ്ങി 172 വര്‍ഷത്തെ ദീര്‍ഘമായ ചരിത്രത്തിനും പാരമ്പര്യത്തിനും ഉടമയാണ് ഈ കലാലയം. വ്യക്തികളെ ശരിയായ രീതിയില്‍ വാര്‍ത്തെടുക്കുന്നത് അവരുടെ കലാലയ ജീവിതമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സംഗമത്തിനെത്തിയവര്‍, ഈ കലാലയത്തോട് അവര്‍ പുലര്‍ത്തുന്ന ഹൃദയബന്ധത്തിന് തെളിവാണ്. പുതിയ തലമുറയ്‌ക്ക് പ്രചോദനമാണ് ഈ പൂര്‍വ വിദ്യാര്‍ത്ഥി സമൂഹമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
















