തിരുവനന്തപുരം: ഭാരതത്തിന്റെ മെട്രോമാന്‍ ഇ. ശ്രീധരന്‍ പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്ന കൃത്യതയോടെ പുരസ്‌കാരദാന ചടങ്ങിനും അഞ്ച് മിനിട്ട് നേരത്തെ എത്തി. പക്ഷേ, വനം മന്ത്രി രാജു കേരളത്തിലെ മന്ത്രിമാരുടെ പതിവ് സ്വഭാവം തന്നെ കാണിച്ചു. 12 മണിക്ക് എത്തേണ്ട മന്ത്രി എത്തിയത് ഒരു മണിയോടെ.
രാജ്യം ആദരിക്കുന്ന ശ്രീധരനെ ഓഡിറ്റോറിയം ബുക്കിങ് ഓഫീസിലെ കുടുസ് മുറിയിലിരുത്തി. 20 മിനിട്ട് കഴിഞ്ഞിട്ടും മന്ത്രി എത്താതായതോടെ സംഘടനാ കാര്യങ്ങള്‍ നടക്കുന്ന വേദിയിലേക്ക് ശ്രീധരനെ ഇരുത്തി. സംഘടനാ ചര്‍ച്ച കഴിഞ്ഞിട്ടും മന്ത്രി എത്തിയില്ല. പിന്നെ യോഗം തുടങ്ങുകയേ രക്ഷയുള്ളൂ. യോഗത്തില്‍ രണ്ടും മൂന്നും പേര്‍ സ്വാഗത പ്രസംഗം നടത്തി.
ശ്രീധരനെ കുറിച്ചുള്ള കേട്ടറിവ് വച്ച് കാച്ചി. മഹാത്മാഗാന്ധിയോടും നെഹ്‌റുവിനോടും ഒക്കെ ഉപമിച്ചു. ഒരേ വാചകം തന്നെ നിവവധി തവണ ആവര്‍ത്തിച്ചു. ഒരാള്‍ സ്വാതന്ത്യ സമര ചരിത്രം വരെ പഠിപ്പിച്ചു. ഇടയ്‌ക്കിടെ ‘മന്ത്രി ഏതാനും നിമിഷങ്ങള്‍ക്കകം എത്തു’മെന്ന പതിവ് വാചകവും. ഇതെല്ലാം കേട്ട് നിശബ്ദനായി ഇരിക്കാനായിരുന്നു ശ്രീധരന്റെ വിധി.
ഒരുമണിയോടെ മന്ത്രി എത്തി. ശ്രീധരനോട് താമസിച്ചുപോയി എന്ന് പറഞ്ഞ് ഒന്നു ചിരിച്ച് വേദിയിലിരുന്നു. ഉദ്ഘാടനവും ശ്രീധരനുള്ള പുരസ്‌കാരദാനവും ഫോട്ടോയെടുപ്പും ശരവേഗത്തില്‍ നടത്തി. ‘സമയത്തിന്റെ വില നന്നായി അറിയാം’ എന്ന് പ്രസംഗത്തിലൂടെ ജനങ്ങളെ ബോധവാന്മാരുമാക്കി 20 മിനിട്ടിനുള്ളില്‍ മന്ത്രി വേദിവിട്ടു. അപ്പോഴും ശ്രീധരന് വേദി വിടാനായില്ല. ജില്ല തിരിച്ചുള്ള പുരസ്‌കാര വിതരണത്തിനിടെ ‘പെട്ടുപോയി’ സമയ കൃത്യതയുള്ള ആ മനുഷ്യന്‍.
















