കോട്ടയം: പാറമ്പുഴ കൂട്ടക്കൊലക്കേസില്‍ വിധി പറയുന്നത് 14 ലേക്ക് മാറ്റി. കോട്ടയം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി ശാന്തകുമാരിയാണ് കേസില്‍ വിധി പറയുന്നത്. ഇന്ന് വിധി പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
തെളിവുകള്‍ ശാസ്ത്രീയ പരിശോധനയ്‌ക്കായി അയയ്‌ക്കണമെന്ന് പ്രിന്‍സിപ്പല്‍ ജില്ലാ കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വിധി പറയുന്നത് മാറ്റിയത്. 2015 മെയ് 16ന് രാത്രി 12ന്പാറമ്പുഴ മൂലേപ്പറമ്പില്‍ ലാലസന്‍ (71), ഭാര്യ പ്രസന്ന കുമാരി (62), മകന്‍ പ്രവീണ്‍ലാല്‍ (28) എന്നിവരെ കൊലപ്പെടുത്തിയെന്നാണ് കേസ്.
ലാലസന്റെ അലക്കു കമ്പനിയില്‍ തൊഴിലാളിയായിരുന്ന ഫിറോസാബാദ് സ്വദേശി നരേന്ദ്ര കുമാര്‍ (26) ആണ് കേസിലെ പ്രതി. കൊലപാതകത്തിനുശേഷം തിരുവനന്തപുരത്തെത്തിയ പ്രതി ട്രെയിനില്‍ ഫിറോസാബാദിലേക്കു പോയി. ആറാം ദിവസം അവിടെനിന്നാണ് അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.
149 പേജുള്ള കുറ്റപത്രത്തില്‍ 72 സാക്ഷികളും 63 തൊണ്ടിമുതലുകളും 53 രേഖകളും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കൊലപാതകം നടന്ന് 80-ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ദൃക്സാക്ഷികളില്ലാത്ത കേസായതിനാല്‍ സാഹചര്യതെളിവും ശാസ്ത്രീയ തെളിവുകളും രേഖകളും ഡിഎന്‍എ പരിശോധനാ റിപ്പോര്‍ട്ടുകളും പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു.
കൊലചെയ്യപ്പെട്ട ലാലസന്റെയും മകന്‍ പ്രവീണിന്റെയും മൊബൈല്‍ ഫോണുകളും പ്രസന്നകുമാരിയുടെ ആഭരണങ്ങളും അലക്കുകടയില്‍നിന്നും കൈവശപ്പെടുത്തിയ രേഖകളുമാണ് തെളിവ്.
















