ചാലക്കുടി: കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹര സമരം നടത്തുന്ന സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ തന്റെ സമരം അനിശ്ചിതകാലത്തേയ്‌ക്ക് നീട്ടി. പോലീസ് അന്വേഷണം അട്ടിമറിച്ചുവെന്നും സിബിഐ അന്വേഷണം എന്ന ആവശ്യം ഉടന്‍ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് മണിയുടെ സഹോദരനും ബന്ധുക്കളും സമരം നടത്തുന്നത്.
മണിയുടെ ഒന്നാം ചരമ വാര്‍ഷിക ദിനമായ ഇന്ന് ചാലക്കുടിയില്‍ മണിയുടെ സ്മൃതിമന്ദിരത്തില്‍ ബന്ധുക്കളും സുഹൃത്തുക്കളും പുഷ്പാര്‍ച്ചന നടത്തി. ചാലക്കുടി നഗരസഭ നടത്തിയ മണി അനുസ്മരണ പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ശീലങ്ങളില്‍ നിന്നും മാറി നിന്നുവെങ്കില്‍ ഇത്രയും ചെറുപ്രായത്തില്‍ തന്നെ കലാഭവന്‍ മണിയെ നമുക്ക് നഷ്ടപ്പെടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചിട്ടയായ ജീവിതം, ചില കൂട്ടുകെട്ടുകളില്‍ നിന്നുള്ള ഒഴിവാകല്‍, ചില ശീലങ്ങള്‍ ഉപേക്ഷിക്കല്‍ എന്നിവ ഉണ്ടായിരുന്നുവെങ്കില്‍ എന്ന് പലപ്പോഴും ഓര്‍ത്ത് പോകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രശസ്തി കൂടുന്തോറും നാട്ടില്‍ നിന്നും നാട്ടുകാരില്‍ നിന്നും എത്രത്തോളം അകന്നുനില്‍ക്കാമെന്ന കാര്യത്തില്‍ ഗവേഷണം തന്നെ നടത്താന്‍ തയ്യാറാകുന്ന കലാകാരന്‍മാരുണ്ട്. എന്നാല്‍ ഇത്തരം ദന്തഗോപുരവാസികളായ കലാകാരന്‍മാര്‍ക്കിടയില്‍ വ്യത്യസ്തനായിരുന്നു മണിയെന്നും മുഖ്യമന്ത്രി ഓര്‍മിച്ചു.
എന്നാല്‍ മണിയുടെ കുടുംബാംഗങ്ങളാരും നഗരസഭയുടെ അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കാത്തത് ശദ്ധേയമായി.
















