പത്രമാധ്യമങ്ങളില്‍ പലപ്പോഴും കാലാവസ്ഥ ചതിച്ചു. മഴ ചതിച്ചു എന്നീ പ്രയോഗങ്ങള്‍ കാണാം. വാസ്തവം തിരിച്ചാണ്. നമ്മളാണ് ചതിക്കുന്നത്. ചതിക്കുന്നത് ജീവിച്ചിരിക്കുന്നവരെയും ജനിക്കാനിരിക്കുന്നവരെയുമാണ്.
കഴിഞ്ഞ 30 വര്‍ഷം മാത്രം ഏഴുലക്ഷം ഏക്കര്‍ നെല്‍പ്പാടം ഇല്ലാതാക്കി. 41 നദികളുടെ മൊത്തം 2140 കൈവഴികള്‍ കാണാനില്ല. കേരളത്തില്‍ പ്ലാനിങ് ബോര്‍ഡിന്റെ കണക്കനുസരിച്ച് 85 ലക്ഷം കിണറുകളില്‍ കഷ്ടിച്ച് വെള്ളമുള്ളത് 19 ലക്ഷം മാത്രം. 1957 ല്‍ എന്‍എസ്എസ് ബ്ലോക്കുകള്‍ വന്നപ്പോള്‍ കിണറുകള്‍ നികത്തിക്കോ വെള്ളം പൈപ്പിലൂടെ വീട്ടിലെത്തിക്കുമെന്നായിരുന്നു പ്രചാരണം.
കഴിഞ്ഞ 150 വര്‍ഷത്തെ കാലാവസ്ഥ, മഴ, താപനില ബ്രിട്ടീഷ് തോട്ടങ്ങളില്‍നിന്ന് രേഖാമൂലം വാങ്ങി കേരള സര്‍ഫസ് വാട്ടര്‍ തയ്യാറാക്കാന്‍ ഞാന്‍ ശേഖരിച്ചിട്ടുണ്ട്.
വെള്ളപ്പൊക്ക പുരാണം, വര്‍ഷപാതം, താപനില, നീരൊഴുക്കിന്റെ വേഗത, കര വന്നത്, ചതുപ്പുകള്‍ രൂപംകൊണ്ടത് തുടങ്ങി കഴിഞ്ഞ 100 വര്‍ഷത്തെ രേഖകള്‍ (തെക്കെയിന്ത്യ) നോക്കി ഗ്രാഫ് വരച്ച് പലതും പ്രവചിക്കാനാകും. ഇത് എഞ്ചിനീയറിങ്ങിലെ ഒരു സാധ്യതയാണ്. ഇതനുസരിച്ച് 1901, 11, 21, 31, 41, 51, 61, 71, 81, 91,2011 വെള്ളപ്പൊക്കമായിരുന്നു.
അമ്മൂമ്മമാര്‍ പറയുന്ന 99 ലെ വെള്ളപ്പൊക്കം (1924) 100 വര്‍ഷ ഇടവേളകളിലെ സൂപ്പര്‍ഫ്‌ളഡിന് തുല്യം. ഏകദേശം ഇതിനടുത്തായിരുന്നു 2011. ഇതില്‍ 1961 ലെ വെള്ളം നേര്യമംഗലം ശക്തിനിലയത്തില്‍ കയറി. അന്നത്തെ കണക്കില്‍ 18 ലക്ഷത്തിന്റെ നഷ്ടം (ഇന്ന് 86 കോടി) പിന്നീട് ഇടുക്കി. വെള്ളപ്പൊക്കം തുടര്‍ന്നു. 1971, 81, 1991, 2001, 2011 മാറ്റമില്ല. അല്‍പ്പം മയപ്പെട്ടു എന്നുമാത്രം. ഇതില്‍ 81, 91 ലും ഇടുക്കി തുറന്നുവിടുമ്പോള്‍ ഞാന്‍ സര്‍ക്കാര്‍ സര്‍വീസിലാണ്.
ഇടയ്‌ക്ക് പണിതീരാറായ ചെറുതോണിയുടെ മുകളിലൂടെ (28 അടി ഉയരത്തില്‍) വെള്ളം കവിഞ്ഞൊഴുകി. ചെറുതോണിയില്‍ ഇന്നത്തെയും അന്നത്തെയും പാലത്തില്‍ 12 അടിവെള്ളം പൊങ്ങി. ഇങ്ങനെ പലതും.
നമ്മുടെ ശീലം യുദ്ധം വരുമ്പോള്‍ പട്ടാളക്കാരെപ്പറ്റിയും, വരള്‍ച്ച വരുമ്പോള്‍ കുടിവെള്ളത്തെപ്പറ്റിയും, പകര്‍ച്ചവ്യാധി വരുമ്പോള്‍ കൊതുകിനെപ്പറ്റിയും, താറാവു ചത്തപ്പോള്‍ പക്ഷിപ്പനിയെപ്പറ്റിയും, അട്ടപ്പാടി ശിശുമരണം ആവര്‍ത്തിച്ചപ്പോള്‍ ‘വിളര്‍ച്ച’യെപ്പറ്റിയും വാചാലരാകുകയെന്നതാണ്.
5, 7 വര്‍ഷങ്ങളില്‍ ഉണക്കും. 30, 50, 100 വര്‍ഷ സൈക്കിളില്‍ (കൃത്യം) വെള്ളപ്പൊക്കം. ഇടയില്‍ 5, 7, 15 വര്‍ഷ സൈക്കിളില്‍ രൂക്ഷമായ വളര്‍ച്ച.
കൈവഴികള്‍, ചതുപ്പുകള്‍, കായലുകള്‍, നദീതീരങ്ങള്‍ എല്ലാം നികത്തി കോംപ്ലക്‌സുകള്‍ പണിത് കോംപ്ലിക്കേഷനുണ്ടാക്കി പട്ടയവും നേടുന്നു. 3500 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തൃതിയുള്ള വീടുകള്‍ 97000 നു മുകളിലെന്ന് പ്ലാനിങ് ബോര്‍ഡിന്റെ കണക്ക്. നാലുവശവും കോണ്‍ക്രീറ്റ് വിസ്തൃതി. മൊത്തം 5000-7000 ചതുരശ്ര അടി. ഒരു തുള്ളി മഴവെള്ളം മണ്ണിലിറക്കാന്‍ വഴിയില്ല. കൂട്ടത്തില്‍ മേല്‍ക്കൂരയിലെ റെയിന്‍ ഹാര്‍വസ്റ്റിങ് എന്ന ശുദ്ധ തട്ടിപ്പ്. അതും താഴേക്ക് വെള്ളമിറങ്ങാനല്ല.
ഇപ്പോള്‍ ശരാശരി ഒരു വീടിന് ഒരു കുഴല്‍ കിണറുമായി. എസ്റ്റേറ്റുകളില്‍ ഒന്നില്‍ ഒരിടത്ത് അഞ്ച് ഏക്കറില്‍ 11 കുഴല്‍ കിണറുകള്‍ കണ്ടു.
കൃഷിയും മഴയും പുഴയും ഇനി ദുഃസ്വപ്‌നമാണ്. കൃത്യസമയത്ത് ഗാഡ്ഗില്‍, കസ്തൂരിരംഗന്‍, ഉമ്മന്‍ കമ്മറ്റി തര്‍ക്കം. കുടിവെള്ളം കണ്ടെത്തുന്നതിനേക്കാള്‍, ഉള്ളതു സംരക്ഷിക്കുന്നതിനേക്കാള്‍ ഉള്ള വനം പട്ടയത്തിലാക്കാന്‍ നെട്ടോട്ടമോടുന്നു.
കുളിച്ചുമാന്തിയും മാന്തിക്കുളിച്ചും വലിച്ചെടുത്ത് തകര്‍ത്തും ഭൂമിയുടെ ഡീഹൈഡ്രേഷന്‍ ഇഫക്ട് കൂടുന്നു. ടെറസ്സ് ഫാമിങ്ങിനെപ്പറ്റിയും പച്ചക്കറി കൃഷി വ്യാപനത്തെപ്പറ്റിയും ക്ഷീരകര്‍ഷകരെപ്പറ്റിയും വാതോരാതെ പ്രസംഗിക്കാനും ഉപദേശിക്കാനും നയാപൈസ ചെലവില്ലല്ലോ. കശുവണ്ടി ഇനിയില്ല. കയര്‍ അന്ത്യശ്വാസത്തില്‍. കൃഷി (നെല്‍കൃഷി) അന്യംനിന്നു. കറ (റബ്ബര്‍)കൊണ്ട് ജീവിതം നീങ്ങുന്നില്ലെന്ന് കര്‍ഷകര്‍. കപ്പല്‍ നിര്‍മാണം-പൊന്നാനി കഥയറിയാതെ, അണിയറയിലായി. കുരുമുളക് ഞാറ്റുവേല അന്വേഷിച്ചു പോകേണ്ടതില്ല. കക്കയും കായലും നാനാവിധമായി. കറണ്ട്- അയല്‍ക്കാരോട് യാചിക്കുക തന്നെ. ഏലക്കായ കരിഞ്ഞുണങ്ങുന്നു. കൈത്തൊഴിലുകാരായ വിശ്വകര്‍മ്മര്‍ വംശഹത്യയ്‌ക്ക് വിധേയരാകുന്നു.
അരിയും വെള്ളവും ഗ്യാസും പഞ്ചസാരയും പച്ചക്കറിയും വടക്കന്‍ വണ്ടിയിലെത്തണം. കൂട്ടത്തില്‍ റേഷന്‍ വിതരണ തകരാര്‍ കേന്ദ്രത്തിന്റെ തലയില്‍ ചാരി. കസ്തൂരി രംഗന്‍ കരടുതീര്‍ത്ത് പ്രഖ്യാപിക്കാത്തതും കേന്ദ്രമാണെന്ന് പറഞ്ഞ് സെക്രട്ടറിയേറ്റിലേക്ക് ജാഥ നയിക്കുന്നു.
കാലാവസ്ഥ ചതിച്ചിട്ടില്ല, മണ്ണു ചതിക്കുകയില്ല, മഴ മടിച്ചുനില്‍ക്കുന്നത് അതിനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കിയതിനാലാണ്. എന്നിട്ടും അതിനൊന്നും പരിഹാരം നിര്‍ദ്ദേശിക്കുന്നില്ല. പെട്ടെന്ന് ഒരു മഴപെയ്താല്‍ ഒന്നരമണിക്കൂറില്‍ കടലിലെത്തും. പണ്ട് 4-6 മണിക്കൂര്‍ വേണമായിരുന്നു. മേല്‍മണ്ണില്‍ വെള്ളത്തെ പതുക്കെ സഞ്ചരിപ്പിക്കാനും ആഴ്ന്നിറങ്ങാനുമുള്ള എല്ലാം വടിച്ചെടുത്ത് വിറ്റു കാശാക്കി. ഇനി പട്ടയവും.
















