തിരുവനന്തപുരം: മികച്ച സിനിമക്കുള്ള ഒന്നും രണ്ടും അവാര്‍ഡുകള്‍ നേടുന്ന ചിത്രങ്ങള്‍ക്ക് കുറഞ്ഞത് പത്ത് ലക്ഷം രൂപയെങ്കിലും സബ്‌സിഡി നല്‍കണമെന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളുമായി സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയ ജൂറി. പരീക്ഷണ സ്വഭാവമുള്ളതും കലാപരമായി മികച്ചതുമായ ചിത്രങ്ങള്‍ക്കും പ്രത്യേക പുരസ്‌കാരം ഏര്‍പ്പെടുത്തണം.
സ്‌പെഷ്യല്‍ വിഷ്വല്‍ എഫക്ട്‌സിന്റെ സാധ്യതകള്‍ ഫലപ്രദമായും കലാപരമായും ഉപയോഗിക്കുന്ന ചിത്രങ്ങള്‍ക്ക് പുരസ്‌കാരം നല്‍കണം. മികച്ച നടനും നടിക്കുമുള്ള അവാര്‍ഡുകള്‍ പരിഗണിക്കുമ്പോള്‍ സ്വന്തം ശബ്ദം നല്‍കിട്ടുള്ളവര്‍ക്ക് മുന്‍ഗണന നല്‍കണം. ഒഴിച്ചുകൂടാനാകാത്ത സാഹചര്യത്തില്‍ മാത്രമേ ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍ ശബ്ദം നല്‍കിയ കഥാപാത്രങ്ങളെ പരിഗണിക്കാവൂ.
മികച്ച സിനിമക്കുള്ള അവാര്‍ഡ് നേടിയ ചിത്രങ്ങള്‍ സര്‍ക്കാര്‍ സഹായത്തോടെ പ്രദര്‍ശിപ്പിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണം തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് എ.കെ.ബിര്‍ അധ്യക്ഷനായ പത്തംഗ ജൂറി സര്‍ക്കാറിനു മുമ്പാകെ സമര്‍പ്പിച്ചത്. ഇവ പരിശോധിക്കുമെന്ന് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു.
ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ പറഞ്ഞ ചിത്രങ്ങളാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനായുള്ള മത്‌സരത്തിനുണ്ടായിരുന്നതെന്നും ഇവയില്‍ മികച്ചത് കണ്ടെത്തുക ഏറെ ശ്രമകരമായിരുന്നെന്നും ജൂറി അധ്യക്ഷന്‍ എ.കെ.ബിര്‍ അവാര്‍ഡ് പ്രഖ്യാപനവേളയില്‍ പറഞ്ഞു. സാങ്കേതിക വൈദഗ്‌ദ്ധ്യം ഉപയോഗപ്പെടുത്തുന്ന ചിത്രങ്ങള്‍ ദൃശ്യവിരുന്നൊരുക്കും.
എന്നാല്‍ അടിച്ചമര്‍ത്തപ്പെടുന്നവരുടെ കഥകള്‍ക്ക് വേറിട്ടുനില്‍ക്കാനാകും. അത്തരം ചിത്രങ്ങളെയാണ് അവാര്‍ഡിനായി പരിഗണിച്ചത്. പ്രമേയത്തിലെ വൈവിധ്യം, നൂതനആശയം, സംവേദന പാടവം എന്നിവയും പരിഗണിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തിയതെന്നും ബിര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
















