തിരുവനന്തപുരം: നിയമസഭയില്‍ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മന്ത്രിമാര്‍ മറുപടി പറയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് പോലും ബന്ധപ്പെട്ട മന്ത്രിമാര്‍ മറുപടി നല്‍കാത്തതില്‍ സ്പീക്കര്‍ പ്രത്യേക റൂളിംഗ് നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പ്രതിപക്ഷം ഉന്നയിച്ച ഈ ആരോപണത്തില്‍ മന്ത്രിമാര്‍ ജാഗ്രത പാലിക്കണമെന്ന് സ്പീക്കര്‍ റൂളിംഗ് നല്‍കി.
രാവിലെ ചോദ്യോത്തര വേള ആരംഭിക്കുന്നതിന് മുമ്പാണ് വിഷയം പ്രതിപക്ഷ നേതാവ് സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. പ്രധാനപ്പെട്ട ചോദ്യങ്ങള്‍ക്ക് പോലും കൃത്യമായ മറുപടി കിട്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഔദ്യോഗിക വാഹനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും 2016-17 കാലയളവില്‍ ഇതുമായി ബന്ധപ്പെട്ട പരാതികളില്‍ ധനകാര്യ പരിശോധന വിഭാഗം അന്വേഷണം നടത്തുകയാണെന്നും ഇ.കെ വിജയന്റെ ചോദ്യത്തിന് ധനമന്ത്രി തോമസ് ഐസക് സഭയില്‍ മറുപടി നല്‍കി.
2015-16 സാമ്പത്തിക വര്‍ഷത്തില്‍ 4.8 മില്യണ്‍ ഡോളറുമായി കയറ്റുമതി രംഗത്ത് കേരളം രാജ്യത്ത് ഏഴാം സ്ഥാനത്ത് എത്തിയതായി മുല്ലക്കര രത്നാകരന്റെ ചോദ്യത്തിന് മന്ത്രി എ.സി മൊയ്തീന്‍ രേഖാമൂലം മറുപടി നല്‍കി.
















